Kollam Local

നിയമസഭാ തിരഞ്ഞെടുപ്പ്: പരാതികള്‍ സ്വീകരിക്കാനും അനുമതികള്‍ നല്‍കാനും ഓണ്‍ലൈന്‍ സംവിധാനം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാനും സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിവിധ അനുമതികള്‍ നേടാനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിശദാംശങ്ങള്‍ സൂക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം.

ഇ-പരിഹാരം, ഇ-അനുമതി, ഇ-വാഹനം എന്നീ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. സംസ്ഥാന ഐ ടി മിഷനാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പരാതികള്‍ സമര്‍പ്പിക്കുന്നതിന് ഇ-പരിഹാരം എന്ന ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താം. ഈ സംവിധാനം അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഒരു പരാതിക്ക് പത്തു രൂപ ഈടാക്കും. പ്രചാരണത്തിനായി ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനും, മൈതാനങ്ങള്‍ വിട്ടുകിട്ടുന്നതിനും മറ്റുമുള്ള അപേക്ഷകള്‍ ഇ-അനുമതി മുഖേന സമര്‍പ്പിക്കാം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഈ ഏകജാലക സംവിധാനം ഉപയോഗിക്കാം. ഇ-വാഹനം ആപ്ലിക്കേഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മാത്രമായുള്ളതാണ്. തിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങളുടെ വിശദ വിവരങ്ങളാണ് ഇതിലുള്ളത്.
ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തുന്നതിനായി വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്കായി ബിഷപ് ജറോം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്നലെ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഐ ടി മിഷന്‍ പ്രതിനിധി എബിന്‍ ബാബു ക്ലാസെടുത്തു.
Next Story

RELATED STORIES

Share it