നിയമസഭാ തിരഞ്ഞെടുപ്പ് ജെഎസ്എസ് അഞ്ച് സീറ്റ് ആവശ്യപ്പെടും

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോട് അഞ്ച് സീറ്റ് ആവശ്യപ്പെടാന്‍ ജെഎസ്എസ് തീരുമാനം. ജെഎസ്എസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച സികെ വിദ്യാസാഗറിനെ സഹകരിപ്പിക്കാനും ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ട്ടി സെന്റര്‍ യോഗം തീരുമാനിച്ചു.
ഇരവിപുരം, ചവറ, അരൂര്‍, വര്‍ക്കല, ആറന്‍മുള സീറ്റുകളാണ് ജെഎസ്എസ് ആവശ്യപ്പെടുക. ആര്‍എസ്പി മുന്നണി വിട്ട സാഹചര്യത്തില്‍ അവര്‍ മല്‍സരിച്ചിരുന്ന സീറ്റുകള്‍ തരണമെന്നാണു പാര്‍ട്ടിയുടെ ആവശ്യം. കഴിഞ്ഞദിവസം തന്നെ കാണാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ഗൗരിയമ്മ സീറ്റുകള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നു.
ഉടനെതന്നെ സീറ്റുകള്‍ ആവശ്യപ്പെട്ട് ഇടതുമുന്നണിക്ക് കത്ത് നല്‍കാനാണ് ജെഎസ്എസിന്റെ തീരുമാനം. ഒപ്പം പാര്‍ട്ടി വിട്ട ചില പ്രമുഖരെ തിരികെ കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. യുഡിഎഫില്‍ നിന്ന് പുറത്തേക്ക് പോവാനൊരുങ്ങുന്ന രാജന്‍ ബാബുവിനെ തിരികെ കൊണ്ടുവരുന്ന കാര്യം സെന്റര്‍ ചര്‍ച്ചചെയ്തു. രാജന്‍ ബാബുവിനൊപ്പം ഇപ്പോള്‍ യുഡിഎഫിലുള്ള ജെഎസ്എസിലെ ഒരു വിഭാഗത്തെയും പ്രതീക്ഷിക്കുന്നുണ്ട്. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് സി കെ വിദ്യാസാഗര്‍ കഴിഞ്ഞദിവസം ഗൗരിയമ്മയെ കണ്ട് ജെഎസ്എസിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വിദ്യാസാഗറിനെ സ്വാഗതം ചെയ്യാനും പാര്‍ട്ടി സെന്റര്‍ തീരുമാനിച്ചു. ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിയിലായിരുന്നു യോഗം.
Next Story

RELATED STORIES

Share it