malappuram local

നിയമസഭാ തിരഞ്ഞെടുപ്പ് ജില്ലയില്‍ നിന്ന് 15,000 തമിഴനാട് സ്വദേശികള്‍ വോട്ടിനായി പുറപ്പെട്ടു

ടി പി ജലാല്‍

മഞ്ചേരി: ജില്ലയില്‍ നിന്നും 15000ലധികം തമിഴ്മക്കള്‍ സ്വന്തം നാട്ടിലേക്ക് വോട്ട് ചെയ്യാനായി പുറപ്പെടുന്നു. 14,000 ഓളം പേര്‍ കഴിഞ്ഞ ദിവസം തങ്ങളുടെ ഇഷ്ട സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് ചെയ്യാന്‍ യാത്രയായിട്ടുണ്ട്. ഏകദേശം ആയിരത്തോളം പേര്‍ ഇന്ന് ബസ് മാര്‍ഗം പൂറപ്പെടും. മഞ്ചേരി ഭാഗത്ത് നിന്നു 800 ഓളം പേര്‍ വോട്ട് ചെയ്യാന്‍ രണ്ട് ദിവസത്തിനുള്ളില്‍ ബസ് മാര്‍ഗം അതിര്‍ത്തി കടന്നിട്ടുണ്ട്.
കേരളത്തിലെ പോലെ തന്നെ തമിഴ്‌നാട്ടിലും നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ ജയലളിത സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയതിനാല്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. ജയലളിത വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പ്, തുടങ്ങിയ പഠന സഹായങ്ങളും ഒരു രൂപക്ക് അരിയും മറ്റും നല്‍കിയിരുന്നു. കൂടാതെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി സൗജന്യ മൊബൈല്‍ ഫോണ്‍, വനിതകള്‍ക്ക് കുറഞ്ഞ വിലക്ക് സ്‌കൂട്ടര്‍ എന്നിവയും മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എടുത്തുകളയുമെന്നും ഇവര്‍ പത്രികയില്‍ പറഞ്ഞിട്ടുണ്ട്.
ഇത്തവണയും ജയലളിത തുടരുമെന്നാണ് അമ്മയുടെ ആരാധകനായ പിച്ചൈ മുത്തുവിന്റെ അഭിപ്രായം. കരൂര്‍ മണ്ഡലത്തിലെ പുതുപ്പെട്ടി നിവാസിയായ പിച്ചൈമുത്തു മഞ്ചേരിയില്‍ 20 വര്‍ഷത്തോളമായി ചെരുപ്പ് നന്നാക്കുന്ന ജോലിക്കാരനാണ്. ജയലളിതയുടെ വാഗ്ദാനങ്ങള്‍ തന്നെ മുന്‍ മുഖ്യമന്ത്രി കരുണാനിധിയും പ്രഖ്യാപിച്ചിട്ടുള്ളതിനാലും മിക്ക മണ്ഡലങ്ങളിലും പണം വിതരണം ചെയ്യുമെന്നതിനാലും പലരും ആഴ്ചകള്‍ക്ക് മുമ്പേ തന്നെ നാട്ടിലേക്ക് പൂറപ്പെട്ടവരുമുണ്ട്.
ഒരു വോട്ടിന് 1000 രൂപ മുതല്‍ 2000 രൂപ വരെ വിതരണം ചെയ്യുന്നുണ്ടെന്ന് നാട്ടില്‍ നിന്നും അറിയിച്ചിരുന്നതായി തമിഴ് തൊഴിലാളികള്‍ പറഞ്ഞു. അപൂര്‍വം പേര്‍ മാത്രമേ വോട്ടിന് പോവാത്തവരുണ്ടാവു. തമിഴ്‌നാട്ടുകാര്‍ വോട്ട് ചെയ്യാന്‍ പോയതോടെ ചായ വില്‍പന കുറഞ്ഞിട്ടുണ്ടെന്ന് മഞ്ചേരി പഴയ ബസ്റ്റാന്റിലെ ചായക്കടക്കാരന്‍ മൊയ്തീന്‍ പറഞ്ഞു. പൊതുവെ കരുണാനിധിയുടെ പാര്‍ട്ടിക്കാര്‍ ജില്ലയില്‍ കുറവാണെന്നാണ് തൊഴിലാളികളുമായി ബന്ധമുള്ള മലയാളികള്‍ പറഞ്ഞു. എന്നാല്‍ അധികാരത്തിലെത്തിയാല്‍ കരുണാനിധിയുടെ മുണ്ടഴിച്ചതിന് ജയലളിതയോട് പ്രതികാരം ചെയ്യുമെന്ന് പേര് പറയാത്ത ഒരു കലൈഞ്ചറുടെ ആരാധകന്‍ പ്രതികരിച്ചു.
പലര്‍ക്കും സ്വന്തം നാട്ടിലെ സ്ഥാനാര്‍ത്ഥിയാരെന്നറിയില്ല. എങ്കിലും സമ്മതിദാനവകാശം കളയാന്‍ ആരും തയ്യാറാവുന്നില്ല. ബംഗാളിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ഹിന്ദി തൊഴിലാളികള്‍ ഇതിനകം ജില്ലയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it