Kollam Local

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല പ്രചരണച്ചൂടിലേക്ക്; ദേശീയ നേതാക്കളെത്തും

കൊല്ലം: തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിലേക്കെടുക്കുമ്പോള്‍ പ്രചരണത്തിന് ദേശീയ നേതാക്കളടക്കം ജില്ലയില്‍ പ്രചരണ പരിപാടികളില്‍ പങ്കടുക്കും.

വരും ദിവസങ്ങളില്‍ കൂടുതല്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ ജില്ലയില്‍ പ്രചാരണത്തിന് എത്തും. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ നാളെ ചടയമംഗലം, ചാത്തന്നൂര്‍, കുണ്ടറ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഏഴിന് ജില്ലയില്‍ പ്രചാരണത്തിന് എത്തും. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി 11ന് ജില്ലയില്‍ തിരഞ്ഞടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം പിണറായി വിജയന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവര്‍ നേരത്തെ തന്നെ ജില്ലയില്‍ പ്രചാരണത്തിന് എത്തിയിരുന്നു.
എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി, ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍, സംസ്ഥാന പ്രസിഡന്റ് കെ എം അഷ്‌റഫ്, സംസ്ഥാന സമിതിയംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവി എന്നിവര്‍ വരുംദിവസങ്ങളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഇന്നലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സിനിമാതാരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, രമേശ് പിഷാരടി എന്നിവര്‍ കൊല്ലത്തെത്തി. അഞ്ചാലുംമൂട്, മതിലില്‍, നീരാവില്‍ ഭാഗങ്ങളില്‍ താരങ്ങള്‍ യോഗങ്ങളില്‍ പങ്കെടുത്തു. ഇന്ന് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിവിധ സ്ഥലങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും.
ദേശീയ ജനാധിപത്യസഖ്യത്തിന്റെ ചാത്തന്നൂര്‍ സ്ഥാനാര്‍ഥി ബി ബി ഗോപകുമാറിന്റേയും കുന്നത്തൂരിലെ സ്ഥാനാര്‍ഥി തഴവ സഹദേവന്റേയും വിജയത്തിനായുള്ള തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ആറിനു രാവിലെ 9.25നു ചാത്തന്നൂരില്‍ എത്തിച്ചേരും. എസ്എന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ എത്തുന്ന അദ്ദേഹം 9.30നു ചാത്തന്നൂര്‍ ജങ്ഷനിലെ പെട്രോള്‍ പമ്പിന് എതിര്‍വശമുള്ള മൈതാനത്തു നടക്കുന്ന തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നു 11നു ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് മൈതാനത്ത് എത്തുന്ന അദ്ദേഹം ജെഎംഎച്ച്എസിന് എതിര്‍വശത്തുള്ള സമ്മേളന നഗരിയിലെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10നു കേന്ദ്രമന്ത്രി അനന്തകുമാര്‍ ഇരവിപുരത്തും ഉച്ചകഴിഞ്ഞു മൂന്നിനു ചവറ മണ്ഡലത്തിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്മൃതി ഇറാനി അടക്കം അഞ്ച് കേന്ദ്രമന്ത്രിമാര്‍ ജില്ലയില്‍ പ്രചാരണത്തിന് എത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണിയും കൊല്ലത്ത് യുഡിഎഫ് പ്രചാരണ യോഗങ്ങളില്‍ സംബന്ധിക്കും. യുഡിഎഫ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എസ്ഡിപി ഐ-എസ്പി സഖ്യ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുലായംസിങ് എന്നിവര്‍ സംസ്ഥാനത്ത് പ്രചാരണത്തിന് എത്തുന്നുണ്ട്.
Next Story

RELATED STORIES

Share it