Pathanamthitta local

നിയമസഭാ തിരഞ്ഞെടുപ്പ് ജില്ലയില്‍ ആറു പത്രിക കൂടി സമര്‍പ്പിച്ചു

പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ ആറു പേര്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു. അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഷാജുവും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയും ഗോപകുമാറും പത്രിക സമര്‍പ്പിച്ചപ്പോള്‍, അറന്മുള മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍നായരും റാന്നി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മറിയാമ്മ ചെറിയാനും പത്രിക നല്‍കി.
തിരുവല്ലയില്‍ എന്‍ഡിഎയിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടാണ് ഇന്നലെ പത്രിക സമര്‍പ്പിച്ച മറ്റൊരു പ്രമുഖന്‍. ഇവരെ കൂടാതെ തിരുവല്ലയില്‍, സ്വതന്ത്രനായ ഫെബി ഈപ്പന്‍ ചെറിയാനും പത്രിക നല്‍കി.
ആറന്മുള മണ്ഡലത്തില്‍ ശിവദാസന്‍ നായര്‍ വരണാധികാരി അനു എസ് നായര്‍ക്കാണ് പത്രിക നല്‍കിയത്. ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് നേതാക്കളായ വിക്ടര്‍ ടി തോമസ്, ടി എം ഹമീദ്, എ സുരേഷ് കുമാര്‍, എ ഷംസുദ്ദീന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
എഐസിസി സെക്രട്ടറി ദീപക് ബാബ്‌രിയ കലക്ടറേറ്റില്‍ എത്തിയെങ്കിലും അഞ്ചുപേരില്‍ കൂടുതല്‍ ഹാളില്‍ പ്രവേശിക്കാന്‍ ചട്ടം അനുവദിക്കാത്തതിനാല്‍ പുറത്ത് കാത്തുനിന്നു. മൂന്നു സെറ്റ് പത്രികയാണ് ശിവദാസന്‍നായര്‍ നല്‍കിയത്. റാന്നി മണ്ഡലം വരണാധികാരി കെ സി മോഹനന്‍ മുമ്പാകെ മറിയാമ്മ ചെറിയാന് വേണ്ടി മൂന്ന് സെറ്റു പത്രികകള്‍ സമര്‍പ്പിച്ചു.
ആലിച്ചന്‍ ആറൊന്നില്‍, അഡ്വ. കെ ജയവര്‍മ്മ എന്നിവര്‍ക്കൊപ്പമാണ് മറിയാമ്മ ചെറിയാന്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. അടൂര്‍ വരണാധികാരിയായ എം കെ കബീര്‍ മുമ്പാകെയാണ് കെ കെ ഷാജുവും ചിറ്റയം ഗോപകുമാറും പത്രിക സമര്‍പ്പിച്ചത്. കെ കെ ഷാജു നാലു സെറ്റ് പത്രികയും ചിറ്റയം ഗോപകുമാര്‍ ഒരു സെറ്റു പത്രികയുമാണ് നല്‍കിയത്. ചിറ്റയം ഗോപകുമാര്‍ തിങ്കളാഴ്ച രാവിലെ 10.20ന് അടൂര്‍ സെന്‍ട്രല്‍ ടോള്‍ ജങ്ഷനിലുള്ള ഗാന്ധിപാര്‍ക്കിലെത്തി ഗാന്ധി, അംബേദ്കര്‍ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് വരണാധികാരിക്ക് പത്രിക സമര്‍പ്പിക്കാനെത്തിയത്.
എല്‍ഡിഎഫ് നേതാക്കളായ എ പി ജയന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, ടി ഡി ബൈജു, പി ബി ഹര്‍ഷകുമാര്‍, ഡി സജി, അടൂര്‍ സേതു, മുണ്ടപ്പള്ളി തോമസ്, റോയി ഫിലിപ്പ് എന്നിവരും ചിറ്റയത്തിനൊപ്പം ഉണ്ടായിരുന്നു. കെ കെ ഷാജു തിങ്കളാഴ്ച രാവിലെ മണ്ണടി വേലുത്തമ്പി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം അടൂര്‍ സെന്‍ട്രല്‍ ടോളിലെത്തി ഗാന്ധിപ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി.
Next Story

RELATED STORIES

Share it