നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഇടതുപക്ഷത്തെ ആര് നയിക്കും: ഡല്‍ഹിയില്‍ ഇന്ന് ചര്‍ച്ച

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരു നയിക്കുന്നമെന്ന തര്‍ക്കം മുറുകിയ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പിണറായിയെയും കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. ഇന്ന് ഇരുവരുമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നേതാക്കള്‍ ചര്‍ച്ചനടത്തും. നിയസമഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും മല്‍സരിക്കുന്നതിനോട് കേന്ദ്രനേതൃത്വം അനുകൂലമാണ്. എന്നാല്‍, ആരു തിരഞ്ഞെടുപ്പിനെ നയിക്കുമെന്നതില്‍ നേതൃത്വം രണ്ടു തട്ടിലാണ്.
വിഎസ്സും പിണറായിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാല്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി വന്നേക്കുമെന്ന കണക്കുകൂട്ടലുണ്ട്. ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയെ നിര്‍ദേശിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നേക്കും. വിഎസ് പ്രചാരണം നയിക്കണമെന്ന അഭിപ്രായം ചില കേന്ദ്ര നേതാക്കള്‍ക്കുണ്ടെങ്കിലും സംസ്ഥാന നേതൃത്വം ഇത് അംഗീകരിക്കാനിടയില്ല.
വിഎസ്സിനെ മല്‍സരിപ്പിക്കുന്നതിനോടു സംസ്ഥാന നേതൃത്വത്തിന് യോജിപ്പില്ലാത്തതിനാല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാലുള്ള അവസ്ഥ കേന്ദ്രം അവരെ ബോധ്യപ്പെടുത്തും. വിഎസ് ഇല്ലെങ്കില്‍ അതു തിരിച്ചടിയാവുമെന്നു സംസ്ഥാന നേതൃത്വത്തിനും ബോധ്യമുണ്ട്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ കോടതി പരാമര്‍ശമുണ്ടാവുമോയെന്ന ആശങ്ക പിണറായിക്ക് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി ഉത്തരവോടെ അതും മാറിക്കിട്ടി. ഈ സാഹചര്യത്തില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി അവതരിപ്പിക്കണമെന്ന ആവശ്യമാണ് പിണറായി മുന്നോട്ടുവയ്ക്കുക.
വിഎസ്സിനെ മത്സരരംഗത്തു നിന്ന് വിലക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇത്തവണയും അവസരം നല്‍കണമെന്നുമാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. രണ്ടുപേരും മത്സരിക്കട്ടെ എന്ന നിലപാടാവും ഇന്ന് കേന്ദ്രനേതൃത്വം സ്വീകരിക്കുക.
Next Story

RELATED STORIES

Share it