Kottayam Local

നിയമസഭാ തിരഞ്ഞെടുപ്പ്: ഏറ്റുമാനൂരില്‍ മുന്നണികള്‍ക്ക് ഇത്തവണ അഭിമാനപ്പോരാട്ടം

കോട്ടയം: ജില്ലയില്‍ സിപിഎമ്മിന്റെ ഏക മണ്ഡലമായ ഏറ്റുമാനൂര്‍ നിലനിര്‍ത്താനായി എല്‍ഡിഎഫും കഴിഞ്ഞ തവണ കുറഞ്ഞ വോട്ടുകള്‍ക്ക് നഷ്ടമായ മണ്ഡലം തിരിച്ചു പിടിക്കാനായി യുഡിഎഫും പഴയ എതിരാളികളെ വീണ്ടും രംഗത്തിറക്കിയതോടെ മണ്ഡലത്തില്‍ അഭിമാനപോരട്ടമാണ് നടക്കുന്നത്.
സീറ്റ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് രംഗത്തിറക്കിയത് സിറ്റിങ് എംഎല്‍എയായ അഡ്വ. കെ സുരേഷ് കുറുപ്പിനെയാണ്. നാലു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കേരളാ കോണ്‍ഗ്രസ് (എം) നേതാവ് തോമസ് ചാഴികാടനെയാണ് മണ്ഡലം തിരിച്ചു പിടിക്കാനായി യുഡിഎഫ് രംഗത്തിറക്കിയത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ എ ജി തങ്കപ്പനും മല്‍സരിക്കുന്നു.
എസ്ഡിപിഐ-എസ്പി സംഖ്യ സ്ഥാനാര്‍ഥിയായി അബ്ദുല്‍ നാസറും പ്രചാരണ രംഗത്ത് സജീവമായി. പിഡിപി ജില്ലാ പ്രസിഡന്റ് എം എസ് നൗഷാദും മല്‍സര രംഗത്തുണ്ട്. മുന്‍ ജില്ലാ പഞ്ചായത്തംഗവും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ വിമത സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. 1991ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സഹോദരനായ തോമസ് ചാഴികാടന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ചത്.
1996 ലും 2001ലും 2006ലും വിജയം ആവര്‍ത്തിച്ച ചാഴികാടന്‍ 2011ല്‍ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. നാലു തവണ കോട്ടയത്ത് നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച സുരേഷ് കുറുപ്പ് 2011ല്‍ നിയമസഭയിലേക്കുള്ള കന്നി മല്‍സരത്തിലണ് ചാഴികാടനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥികള്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ഫലം പ്രവചനാതീതമാവുന്നു. കോട്ടയം മെഡിക്കല്‍ കോളജും എംജി സര്‍വകലാശാലയും ഉള്‍പ്പെടുന്ന പ്രദേശം അതിരിടുന്ന നിയമസഭാ മണ്ഡലമാണ് ഏറ്റുമാനൂരില്‍ വികസന മുരടിപ്പ് യുഡിഎഫ് പ്രചാരണായുധമാക്കുമ്പോള്‍ മണ്ഡലത്തിലെ വികസനങ്ങളാണ് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ആയുധം.
2011ല്‍ 1801 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയതെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12508 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ കുമാരനല്ലൂര്‍ പഞ്ചായത്ത് കോട്ടയം നഗരസഭയോടു ചേര്‍ത്തതോടെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്നു ഇല്ലാതായി. അതേസമയം കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ ഏറ്റുമാനൂര്‍ മണ്ഡലത്തോടു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 79,675 പുരുഷ വോട്ടര്‍മാരും 82,337 വനിത വോട്ടര്‍മാരും ഉള്‍പ്പെടെ 1,62,012 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്.
Next Story

RELATED STORIES

Share it