Pathanamthitta local

നിയമസഭാ തിരഞ്ഞെടുപ്പ്: എക്‌സൈസ് വകുപ്പ് ശക്തമായ പരിശോധന ആരംഭിച്ചു

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് ശക്തമായ പരിശോധന ആരംഭിച്ചു. ജില്ലയിലെ പ്രധാന റോഡുകളില്‍ വാഹന പരിശോധനയും രാത്രി പട്രോളിങും നടത്തും. മദ്യവ്യാപാരശാലകള്‍ ദിവസവും പരിശോധിക്കും.
വ്യാജ അരിഷ്ടം, പാന്‍പരാഗ്, മറ്റ് പുകയില ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കാന്‍ സാധ്യതയുള്ള സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാവും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളും റെയില്‍വേ സ്‌റ്റേഷനും വഴി ലഹരിമരുന്ന് കടത്ത് തടയാന്‍ സൂക്ഷ്മനിരീക്ഷണവും മിന്നല്‍ പരിശോധനയും നടത്തും. ജില്ലയിലെ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. എല്ലാ എക്‌സൈസ് റേഞ്ച് ഓഫിസിലും 24 മണിക്കൂര്‍ മൊബൈല്‍ പട്രോള്‍ യൂനിറ്റ് പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് 155358 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പരാതി അറിയിക്കാമെന്ന് ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി കെ മനോഹരന്‍ അറിയിച്ചു.
വോട്ടേഴ്‌സ് വോള്‍ ഉദ്ഘാടനം ഇന്ന്
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപ് ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ഒപ്പ് രേഖപ്പെടുത്തുന്നതിനുള്ള വോട്ടേഴ്‌സ് വോളിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ നിര്‍വഹിക്കും. തുടര്‍ന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതു പ്രോല്‍സാഹിപ്പിക്കുന്ന സ്വീപ് പദ്ധതിക്ക് ഐക്യദാര്‍ഢ്യമായി ജില്ലാ കലക്ടര്‍ക്കൊപ്പം പൊതുജനങ്ങളും കലക്ടറേറ്റിലെ ജീവനക്കാരും വോട്ടേഴ്‌സ് വോളില്‍ ഒപ്പ് രേഖപ്പെടുത്തും.
ജില്ലയിലെ വില്ലേജ് ഓഫിസുകള്‍, ഗ്രാമപ്പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, താലൂക്ക് ഓഫിസുകള്‍, നഗരസഭകള്‍, ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഒപ്പ് രേഖപ്പെടുത്തുന്നതിന് വോട്ടേഴ്‌സ് വോളുകള്‍ ക്രമീകരിക്കും. ഞാന്‍ വോട്ട് ചെയ്യും മറ്റുള്ളവരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കും എന്ന സന്ദേശത്തിനു താഴെയായി എല്ലാവര്‍ക്കും ഒപ്പ് രേഖപ്പെടുത്താം.
Next Story

RELATED STORIES

Share it