kasaragod local

നിയമസഭാ തിരഞ്ഞെടുപ്പ്: ഉദുമ പിടിക്കാന്‍ കെ സുധാകരന്‍; നിലനിര്‍ത്താന്‍ കെ കുഞ്ഞിരാമന്‍

ഉദുമ: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍ കോട്ട ഉള്‍പ്പെടുന്ന ഉദുമ മണ്ഡലത്തില്‍ ഇപ്രാവശ്യം തീപാറുന്ന മല്‍സരമാണ്. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും എല്ലാ അടവുകളും പയറ്റുന്നുണ്ട്. കണ്ണൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായന്‍ കെ സുധാകരന്റെ കടന്നുവരവാണ് ഇവിടെ തീപാറുന്ന പോരാട്ടത്തിന് വഴിയൊരുക്കിയത്.
സിറ്റിങ് എംഎല്‍എ കെ കുഞ്ഞിരാമനെതന്നെയാണ് സിപിഎം വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തും എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുഹമ്മദ് പാക്യാരയും മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യം ഉയര്‍ത്തുന്നുണ്ട്. മുളിയാര്‍, ദേലംപാടി, ബേഡഡുക്ക, കുറ്റിക്കോല്‍, ചെമനാട്, ഉദുമ, പള്ളിക്കര, പുല്ലൂര്‍-പെരിയ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഉദുമ മണ്ഡലം. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സിപിഎം കുത്തകയാക്കിവച്ചിരിക്കുന്ന സീറ്റാണിത്. വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഇവര്‍ ഇവിടെ വിജയിച്ചുവരുന്നത്.
എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് മണ്ഡലത്തില്‍ 835 വോട്ടിന്റെ ഭൂരിപക്ഷം നേടി. തന്റെ തട്ടകമായ കണ്ണൂരിനെ ഒഴിവാക്കി ഉദുമയിലേയ്ക്ക് ധൈര്യപൂര്‍വം ടിക്കറ്റെടുക്കാന്‍ സുധാകരനെ പ്രേരിപ്പിച്ചതും ഈ ഭൂരിപക്ഷം നല്‍കിയ ആത്മവിശ്വാസം തന്നെ.
ഗ്രൂപ്പുപോരും പടലപ്പിണക്കങ്ങളും ദുര്‍ബലമായ ജില്ലയിലെ കോണ്‍ഗ്രസ് നേതൃസംവിധാനത്തെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യവും സുധാകരന്റെ വരവിനു പിന്നിലുണ്ട്. സതീശന്‍ പാച്ചേനി, എ പി അബ്ദുല്ലക്കുട്ടി, കെ പി കുഞ്ഞിക്കണ്ണന്‍ തുടങ്ങി പലപേരുകളും ഇവിടെ പറഞ്ഞുകേട്ടെങ്കിലും മണ്ഡലം തിരിച്ചുപിടിക്കാന്‍ സുധാകരനു മാത്രമേ കഴിയുവെന്ന പൊതുവികാരം കാര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമാക്കുകയായിരുന്നു. കണ്ണൂരില്‍ സിപിഎമ്മിനെതിരെ ഒറ്റയ്ക്കു പടനയിച്ച സുധാകരന് ഒരു പോരാളിയുടെ പരിവേഷമാണുള്ളത്. ഐ ഗ്രൂപ്പിലെ പ്രമുഖനെങ്കിലും ഗ്രൂപ്പുകള്‍ക്ക് അതീതമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഘടകകക്ഷികളെയും ഒരുമിച്ച് നിര്‍ത്താനും വോട്ട് വീഴ്ത്താനും സുധാകരന് കഴിയുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പുതന്നെ സുധാകരനായി മണ്ഡലത്തില്‍ ആദ്യം ഫഌക്‌സ് ഉയര്‍ത്തിയത് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്നു.
മറുഭാഗത്ത് സിപിഎമ്മിന്റെ സംഘടനാ കരുത്തും സ്വന്തം തട്ടകമെന്ന ആനുകൂല്യവുമാണ് കെകുഞ്ഞിരാമന്റെ കരുത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ താന്‍ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ടുനിരത്തിയാണ് വോട്ടുതേടുന്നത്. മണ്ഡലത്തില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം കുഞ്ഞിരാമനില്ല.
എതിരാളിയുടെ കരുത്ത് കണ്ടറിഞ്ഞ് എല്‍ഡിഎഫ് മണ്ഡലത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ സിപിഎമ്മിന്റെ സംഘടന കരുത്ത് മുഴുവന്‍ ഉദുമയിലേയ്ക്ക് കേന്ദ്രീകരിക്കാനുള്ള സാധ്യതയും അവസാനഘട്ടത്തിലുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിന്നോക്കം പോയെങ്കിലും തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പതിനായിരത്തോളം വോട്ടിന്റെ ലീഡ് നേടാനായത് കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നതിന്റെ സൂചനയാണെന്ന് എല്‍ഡിഎഫ് നേതൃത്വം അവകാശപ്പെടുന്നു.
ബിജെപിയും ശക്തമായ പ്രാചരണത്തിലാണ്. എസ്ഡിപിഐക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്. സ്ഥാനാര്‍ഥി മുഹമ്മദ് പാക്യാര മണ്ഡലത്തിലെ പ്രമുഖരെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. ഇപ്പോള്‍ പഞ്ചായത്ത്തല പര്യടനത്തിലാണ്. മണ്ഡലത്തിലെ ഉദുമ, ചെമനാട്, മുളിയാര്‍ പഞ്ചായത്തുകള്‍ യുഡിഎഫാണ് ഭരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പിന്നില്‍ ഐക്യത്തോടെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത് ഐക്യമുന്നണിക്ക് പ്രതീക്ഷക്ക് വക നല്‍കുന്നുണ്.
കഴിഞ്ഞ തവണ കെ കുഞ്ഞിരാമന്‍ 61,646 വോട്ടുകളും കോണ്‍ഗ്രസിലെ അഡ്വ. സി കെ ശ്രീധരന് 50,266 വോട്ടുകളും ബിജെപിയിലെ സുനിത പ്രശാന്തിന് 13,073 വോട്ടുകളും ലഭിച്ചിരുന്നു. 11,380 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ കുഞ്ഞിരാമന്‍ വിജയിച്ചത്.
Next Story

RELATED STORIES

Share it