malappuram local

നിയമസഭാ തിരഞ്ഞെടുപ്പ്: അപരന്‍മാരുടെ ശല്യത്തില്‍ പ്രധാന സ്ഥാനാര്‍ഥികള്‍

പൊന്നാനി: അപരന്മാര്‍ പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കുന്നത്. ഓരോ സ്ഥാനാര്‍ഥിക്കും കിട്ടേണ്ട നല്ലൊരു ശതമാനം വോട്ടും അപരന്മാര്‍ തട്ടിയെടുക്കുന്നത് കുറച്ചൊന്നുമല്ല രാഷ്ട്രീയ പാര്‍ട്ടികളെ വേദനിപ്പിക്കുന്നത്. പൊന്നാനിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി ടി അജയ് മോഹന് അപരനായി മറ്റൊരു അജയ്‌മോഹന്‍ മല്‍സരിക്കുന്നുണ്ട്.
പി ടി എന്ന ഇനീഷ്യല്‍ ഇല്ല എന്നതാണ് ആശ്വാസം.പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശ്രീരാമകൃഷ്ണനെതിരെ മൂന്ന് അപരന്മാരാണ് രംഗത്ത്. രാമകൃഷ്ണന്‍ ,പി രാമകൃഷ്ണന്‍, കൊയിലന്‍ രാമകൃഷ്ണന്‍ എന്നിങ്ങനെയാണ് അപരന്മാര്‍. ശ്രീരാമകൃഷ്ണന്‍ എന്ന് തന്നെ പേരുള്ള അപരനെ കി ട്ടാത്തതില്‍ ആശ്വസിക്കുകയാണ് എല്‍ഡിഎഫ് നേതാക്കള്‍.തവനൂരില്‍ കെ ടി ജലീലിന് നാല് അപരന്മാരാണ് രംഗത്ത് . കെ എ ജലീല്‍, കെ ടി ജലീല്‍ കാത്തിരത്തൊടി, കെ ടി ജലീല്‍ കുന്നത്തൊടി എന്നിവരാണ് അപരന്മാര്‍.
കെ ടി ജലീല്‍ എന്ന പേരിലുള്ള അപരന്മാര്‍ വന്നതില്‍ എ ല്‍ഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിയായ മലപ്പുറം പ്രി ന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആയിഷാബീവിക്കെതിരെയാണ് പരാതി നല്‍കിയത്. നിലവിലെ ചട്ടങ്ങള്‍ മറികടന്ന് വരണാധികാരി ഇവര്‍ക്ക് ബാലറ്റ് പേപ്പറില്‍ കെ ടി ജലീല്‍ എന്ന് പേര് നല്‍കിയതാണ് പരാതിക്കിടയാക്കിയത്. തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഇഫ്തിഖാ റുദ്ധീനുമുണ്ട് അപരന്മാര്‍. ഇഫ്തിഖാറുദ്ധീന്‍ പി പി യാണ് അപരന്‍. കോട്ടക്കലിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ആബിദ് ഹുസൈന്‍തങ്ങള്‍ക്ക് അപരനായി സൈനുല്‍ ആബിദ് തങ്ങള്‍ മല്‍സര രംഗത്തുണ്ട്.
തിരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി മമ്മൂട്ടിക്ക് അപരനായി മൂന്ന് മമ്മൂട്ടിമാരാണ് രംഗത്തുള്ളത് . എല്‍ ഡി എഫ് സ്വതന്ത്രനായ ഗഫൂര്‍ പി ലില്ലീസിന് അപരനായി ഇ കെ ഗഫൂറാണ് രംഗത്ത്. പരസ്പരം അപരന്മാരെ നിര്‍ത്തുന്നതില്‍ പ്രധാന മുന്നണികള്‍ തന്നെ മല്‍സരത്തിലാണ്. താനൂര്‍ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അബ്ദുറഹിമാന്‍ രണ്ടത്താണിക്ക് അപരനായി നാല് അബ്ദുറഹിമാനാണ് രംഗത്ത്. ഒരാളിലും രണ്ടത്താണി ഇല്ലാത്തതാണ് ഏക ആശ്വാസം. ഇടത് സ്വതന്ത്രനായി മത്സരിക്കുന്നതും മറ്റൊരു അബ്ദുറഹ്മാനാണ്. ഈ നാല് പേരും ശരിക്കും പാരയാകുന്നത് ഇടത് സ്ഥാനാര്‍ഥിയായ അബ്ദുറഹിമാനാണെന്ന് നിരീക്ഷകര്‍ പറയുന്നു . തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന്, മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ, മഞ്ചേരി, വണ്ടൂര്‍, നിലമ്പൂര്‍, മണ്ഡലങ്ങളില്‍ പ്രധാന സ്ഥാനാര്‍ഥികള്‍ക്കൊന്നും അപരന്മാരില്ലെന്നതാണ് ആശ്വാസം. കൊണ്ടോട്ടി മണ്ഡലത്തില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി കെ പി ബീരാന്‍ കുട്ടിക്ക് അതേ പേരുള്ള മറ്റൊരു കെ പി ബീരാന്‍ കുട്ടി അപരനായി രംഗത്തുണ്ട്.
ഏറനാട് മണ്ഡലത്തില്‍ യു ഡിഎഫ് സ്ഥാനാര്‍ഥിയായ പി കെ ബഷീറിന് അപരനായി വി കെ ബഷീറും , പി കെ ബഷീറും മത്സര രംഗത്ത് . ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ കെ ടി അബ്ദുറഹിമാന്റെ അപരന്‍ അതേ പേരുള്ള കെ ടി അബ്ദുറഹിമാന്‍ തന്നെയാണ് മത്സരിക്കുന്നത്.
പ്രധാന രാഷ്ട്രിയ പാര്‍ട്ടികളില്‍ സ്വതന്ത്രനായി മല്‍സരിക്കുന്നവര്‍ക്ക് അപരന്മാര്‍ ഉണ്ടാകുന്നത് വോട്ടുകള്‍ ചോരാന്‍ കാരണമാകും. സ്വതന്ത്രന്മാരെ കണ്ടെത്തി എതിരാളികളെ തറപറ്റിക്കാനും വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനും ഓരോ പാര്‍ട്ടിയും കാര്യമായി അധ്വാനിക്കുന്നുണ്ട് .
Next Story

RELATED STORIES

Share it