നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടുകള്‍ ഏകോപിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: അസം, പശ്ചിമ ബംഗാള്‍, കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിരുദ്ധ ഫാഷിസ്റ്റ് മതഭ്രാന്തന്‍ ശക്തികള്‍ക്കെതിരേ രാജ്യത്ത് സംഭവിക്കുന്ന ഗുണാത്മക ധ്രുവീകരണം കൂടുതല്‍ ഏകോപിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു. പ്രക്ഷോഭ രാഷ്ട്രീയ രംഗത്ത് ഈയിടെ പ്രകടമായ പൊതുവായ മതേതര ആവേശം തിരഞ്ഞെടുപ്പ് രംഗത്തും സാക്ഷാത്കരിക്കണം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചപോലെ മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ഒരു സീറ്റും നേടാന്‍ ബിജെപിയെ അനുവദിക്കാതെ ഹിന്ദുത്വ രാഷ്ട്രീയത്തിന് യുക്തമായ പാഠം നല്‍കേണ്ടത് ബിജെപിയിതര കക്ഷികളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
അലിഗഡ് യൂനിവേഴ്‌സിറ്റി കൗണ്‍സിലിലേക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ശുപാര്‍ശ നിരാകരിച്ച രാഷ്ട്രപതിയുടെ നടപടി കൗണ്‍സില്‍ സ്വാഗതം ചെയ്തു. അലിഗഡ് യുനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ തുടങ്ങി ന്യൂനപക്ഷ സ്ഥാപനങ്ങളെ വര്‍ഗീയവല്‍കരിക്കാനും നശിപ്പിക്കാനും മന്ത്രി സ്മൃതി ഇറാനിയുടെ മേല്‍നോട്ടത്തില്‍ തുടര്‍ന്നുവരുന്ന ശ്രമങ്ങള്‍ക്ക് ഇതൊരു ആഘാതമാണ്. കാമ്പസ് സ്വാതന്ത്യത്തിനുവേണ്ടി ജെഎന്‍യു വിദ്യാര്‍ഥികളുടെ പോരാട്ടത്തിന് പോപുലര്‍ ഫ്രണ്ട് പിന്തുണ പ്രഖ്യാപിച്ചു. വിയോജിപ്പ് പോലും രാജ്യദ്രോഹമായി മുദ്രകുത്താനും ജാമ്യമില്ലാതെ പൗരന്മാരെ ദീര്‍ഘകാലം തടവിലിടാനും ഉപയോഗിക്കുന്ന രാജ്യദ്രോഹത്തെക്കുറിച്ച ഐപിസി 124 എ വകുപ്പ് പിന്‍വലിക്കണമെന്ന് കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംവരണം എന്ന ആശയത്തിനുപോലും എതിരേ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഒരു കാലത്ത് സംവരണത്തെ കഠിനമായി എതിര്‍ത്ത, പിന്നാക്കാവസ്ഥയുടെ നിര്‍വചനത്തിന് സമീപത്തൊന്നും ഇല്ലാത്ത സമുദായങ്ങള്‍ ഇന്ന് ഒന്നിന് പിറകെ ഒന്നായി സംവരണം ആവശ്യപ്പെടുകയാണ്. മുന്നാക്ക സമുദായങ്ങള്‍ സംവരണത്തിനായി ശബ്ദമുയര്‍ത്തുന്നതിന് പിന്നിലുള്ള ഗൂഢലക്ഷ്യം പിന്നാക്കമായ സമുദായങ്ങള്‍ക്കായി ഭരണഘടന ഉറപ്പുനല്‍കിയ സംവരണം ഇല്ലാതാക്കുകയെന്നതാണ്. അമ്പത് ശതമാനത്തിലേറെ സംവരണം പാടില്ലെന്ന് സുപ്രിംകോടതി വിധി പ്രാബല്യത്തിലിരിക്കെ പുതുതായി സംവരണം അനുവദിച്ചാല്‍ നിലവില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് ലഭ്യമാവുന്ന സംവരണ വിഹിതത്തില്‍ നിന്നാണ് പങ്കുവയ്‌ക്കേണ്ടിവരുക. പിന്നാക്കാവസ്ഥയുടെ അടയാളത്തിനപ്പുറത്ത് സംവരണത്തിന്റെ വ്യാപ്തി വികസിപ്പിക്കുന്നതിനുള്ള ഏതൊരു ശ്രമവും ശക്തമായി ചെറുക്കുമെന്ന് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.
ചെയര്‍മാന്‍ കെ എം ശരീഫ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ജിന്ന, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇ എം. അബ്ദുര്‍ റഹ്മാന്‍, ഖാലിദ് റഷാദി, വാഹിദ് സേട്ട്, അനീസ് അഹ്മദ്, പി കോയ, ഹാമിദ് മുഹമ്മദ്, മുഹമ്മദ് റോഷന്‍, അബ്ദുസ്സമദ്, എ എസ് ഇസ്മായില്‍, അഡ്വ. മുഹമ്മദ് യൂസുഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it