നിയമസഭയില്‍ ശ്രദ്ധാകേന്ദ്രമായി ജോര്‍ജും രാജഗോപാലും

തിരുവനന്തപുരം: എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ശ്രദ്ധേയരായത് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജും നേമം എംഎല്‍എ ഒ രാജഗോപാലും. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്കെതിരേ മല്‍സരിച്ച് വിജയിച്ചെത്തിയതിന്റെ ആത്മവിശ്വാസം സഭയിലെത്തിയപ്പോഴും പി സി ജോര്‍ജിന്റെ മുഖത്ത് പ്രകടമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ജോര്‍ജിനെ കൈകൊടുത്ത് അഭിനന്ദിച്ചു. പഴയ സഹപ്രവ ര്‍ത്തകനെ അനുമോദിക്കാന്‍ യുഡിഎഫ് നേതാക്കളുമെത്തി. ശരിയേ പറയൂവെന്നും ആരുടെയും പക്ഷം ചേരില്ലെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. നിഷ്പക്ഷമായി അഭിപ്രായം പറയും. സ്വതന്ത്രമായി സഭയില്‍ തുടരും ഒരുകക്ഷിയുമായോ മുന്നണിയായോ ബന്ധമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ചരിത്രത്തില്‍ ആദ്യത്തെ ബിജെപി എംഎല്‍എ എന്ന പ്രത്യേകതയാണ് രാജഗോപാലിനെ ശ്രദ്ധേയനാക്കിയത്. രാഷ്ട്രീയവൈര്യം മറന്ന് എല്‍ഡിഎഫ്- യുഡിഎഫ് നേതാക്കള്‍ രാജഗോപാലിനെ അഭിനന്ദിച്ചു. ശക്തമായ പ്രതിപക്ഷമാവുന്നതിനോടൊപ്പം ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുമെന്നും അന്ധമായ രാഷ്ട്രീയ വിരോധംവച്ച് സഭയ്ക്കുള്ളില്‍ പ്രതികരിക്കില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒന്നാമനായി സഭയിലെത്തിയ പിണറായി വിജയന്‍ ഒരാളെപ്പോലും വിട്ടുപോവാതെ ചിരിച്ചുകൊണ്ട് ഓടിനടന്ന് എല്ലാ അംഗങ്ങളോടും കുശലം ചോദിച്ചു. അ ല്‍പനേരം വിഎസിനോടും സംസാരം. അംഗബലം കുറവാണെങ്കിലും പ്രതിപക്ഷനേതാക്കള്‍ സന്തോഷത്തോടെയാണ് സഭയിലെത്തിയത്. ഒമ്പതിന് മുമ്പുതന്നെ അംഗങ്ങള്‍ എത്തിത്തുടങ്ങി. 15 മിനിറ്റോളം വൈകിയാണ് ചവറ എംഎല്‍എ വിജയന്‍പിള്ള എത്തിയത്. ട്രഷറി ബെഞ്ചി ല്‍ ഒന്നാമനായി മുഖ്യമന്ത്രി പിണറായി വിജയനും തൊട്ടടുത്ത് വ്യവസായ മന്ത്രി ഇ പി ജയരാജനും പിന്നെ ഘടകകക്ഷി മന്ത്രിമാരും മന്ത്രി എ കെ ബാലനും. പ്രതിപക്ഷനേതാവിന്റെ സീറ്റില്‍ ചെന്നിത്തല. ഇവര്‍ക്കൊപ്പം മുന്‍നിരയിലാണ് ഉമ്മന്‍ ചാണ്ടിയുടെയും വിഎസിന്റെയും രാജഗോപാലിന്റെയും ഇരിപ്പിടം. ഗണേഷ് കുമാറും വിജയന്‍പിള്ളയും മുന്‍നിരയി ല്‍ ഇടംപിടിച്ചു.
സ്വതന്ത്രനായ പിസി ജോ ര്‍ജിന്റെ സ്ഥാനം പിന്‍നിരയിലാണ്. ഇന്നു നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം സീറ്റുകളില്‍ ചെറിയമാറ്റം വന്നേക്കും. 76 അംഗങ്ങള്‍ സഗൗരവം പ്രതിജ്ഞ ചെയ്തപ്പോള്‍ 48പേര്‍ ദൈവനാമത്തിലും 13 പേര്‍ അല്ലാഹുവിന്റെ നാമത്തിലും സത്യവാചകം ചൊല്ലി.
ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിപിഎമ്മിലെ എസ് രാജേന്ദ്രന്‍ തമിഴില്‍ മനസ്സാക്ഷിയായി സത്യപ്രതിജ്ഞ ചെയ്തു. പി സി ജോര്‍ജ് സഗൗരവം ദൈവനാമത്തില്‍ സത്യവാചകം ചൊല്ലിയത് കൗതുകമായി.
Next Story

RELATED STORIES

Share it