നിയമസഭയില്‍ വിഎസും മുരളിയും തമ്മില്‍ വാഗ്വാദം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും കെ മുരളീധരന്‍ എംഎല്‍എയും തമ്മില്‍ നിയമസഭയില്‍ കൊമ്പുകോര്‍ത്തു. മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിച്ചതിനെ ചോദ്യംചെയ്ത മുരളീധരന്റെ നടപടിയാണ് വിഎസ്സിനെ പ്രകോപിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയെ മഹാത്മ ഗാന്ധിയെക്കാള്‍ മഹാനാണെന്ന് പറഞ്ഞില്ല എന്നേയുള്ളൂവെന്നും എത്ര അനുസരണയുള്ള കുട്ടിയെപ്പോലെയാണ് മുരളീധരന്‍ ഉമ്മന്‍ചാണ്ടിയുടെ സകല വൃത്തികേടുകള്‍ക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വിഎസ് കുറ്റപ്പെടുത്തി. മുരളീധരനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിഎസ്സിന്റെ വിവാദപ്രസംഗത്തിനെതിരേ ഭരണപക്ഷം രംഗത്തെത്തി. ഇതിന് പ്രതിരോധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ പ്രക്ഷുബ്ധമായി.
അദ്ദേഹം ഗ്രൂപ്പു മാറി ഇപ്പോള്‍ എ ഗ്രൂപ്പില്‍ ചേക്കേറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്സിന്റെ ഉപശാലകളില്‍ ഒരു വര്‍ത്തമാനമുണ്ട്. അതുകൊണ്ടാണോ എന്നറിയില്ല, ഉമ്മന്‍ചാണ്ടിയെ ഇങ്ങനെ വീണ്‍വാക്കുകള്‍കൊണ്ട് പാടിപ്പുകഴ്ത്തിയത്. ഇതെല്ലാം കേള്‍ക്കാന്‍ കരുണാകരനില്ലാതെ പോയത് മുരളീധരന്റെ മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെയും ഭാഗ്യം. ഇല്ലെങ്കില്‍ കരുണാകരന് സ്വന്തം മകനെ ചാട്ടവാറുകൊണ്ട് അടിക്കേണ്ടിവരുമായിരുന്നു. തന്നെ പിന്നില്‍ നിന്ന് കുത്തുകയും തന്റെ രാഷ്ട്രീയഭാവി നശിപ്പിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയെപ്പറ്റിയാണല്ലോ തന്റെ ഓമന മകന്‍ വാനോളം പുകഴ്ത്തുന്നതെന്ന് അദ്ദേഹം ഓര്‍ക്കുമായിരുന്നു.
പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്നുകൊണ്ട് താന്‍ പരമശുദ്ധനും സാത്വികനും ധര്‍മനിഷ്ഠനും ജനാധിപത്യവാദിയും സര്‍വോപരി ഗാന്ധിയനുമായ ഉമ്മന്‍ചാണ്ടി അവറുകളെപ്പറ്റി മോശമായി പറയുന്നുവെന്നാണ് മുരളീധരന്റെ മനോവ്യഥ. താന്‍ പറയുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വേദന തോന്നുന്നുണ്ടെങ്കില്‍ അത് തന്റെ വാക്കുകളുടെ കുഴപ്പമല്ല. മുരളീധരന്‍ തന്നെ ഉപദേശിക്കാന്‍ വരുന്നതിന് മുമ്പ്, ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും ഉപദേശിക്കാന്‍ ശ്രമിക്കണം. അങ്ങനെയെങ്കിലും താങ്കള്‍ ഒരു പുത്രന്റെ ധര്‍മം നിര്‍വഹിക്കണമെന്നാണ് താന്‍ ആശിക്കുന്നത്. ഡിഐസിയെന്ന പാര്‍ട്ടിയുണ്ടാക്കി വള്ളിനിക്കറുമിട്ട് ഞങ്ങളുടെ പിറകെ ഞങ്ങളേം കൂട്ടണേ, ഞങ്ങളേം കൂട്ടണേ എന്നു പറഞ്ഞ് നടന്ന കാര്യമൊക്കെ വലിയ വായില്‍ വര്‍ത്തമാനം പറയുമ്പോള്‍ ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതാണ്. അക്കാലത്താണല്ലോ അലുമിനിയം പട്ടേലും മദാമ്മയും ഒക്കെ മുരളീധരന്റെ സരസ്വതീ വിലാസങ്ങളായി കോണ്‍ഗ്രസ്സുകാര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടതെന്നും വിഎസ് പരിഹസിച്ചു.
Next Story

RELATED STORIES

Share it