നിയമസഭയില്‍ ബിജെപി വരുന്നത് ആപത്തിന്റെ തുടക്കം; പ്രധാന എതിരാളി എല്‍ഡിഎഫ് തന്നെ: എ കെ ആന്റണി

തൃശൂര്‍: കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് പല മണ്ഡലങ്ങളിലും മല്‍സരം നടക്കുന്നതെന്നും അവിടെയെല്ലാം എല്‍ഡിഎഫ് മൂന്നാംസ്ഥാനത്താണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്ക് എ കെ ആന്റണിയുടെ തിരുത്ത്. കേരളത്തില്‍ യുഡിഎഫിന്റെ പ്രധാന എതിരാളി എല്‍ഡിഎഫ് തന്നെയാണെന്ന് എഐസിസി പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. പ്രസ്‌ക്ലബ്ബിന്റെ പോരിന്റെ പൂരം 2016 തിരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 70 മണ്ഡലങ്ങളില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മല്‍സരമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മല്‍സരം. താന്‍ പര്യടനം നടത്തിയ കാസര്‍കോട് മല്‍സരം ബിജെപിയും യുഡിഎഫും തമ്മിലാണ്. അവിടെ മതേതര വിശ്വാസികള്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും എ കെ ആന്റണി പറഞ്ഞു. നിയമസഭയില്‍ ബിജെപി വരുന്നത് ആപത്തിന്റെ തുടക്കമാവുമെന്നും ദയവുചെയ്ത് മോദി കേരളത്തെ ഗുജറാത്താക്കരുതെന്നും ആന്റണി പറഞ്ഞു. മൂന്നാംശക്തി എന്നത് മോദിയുടെ സ്വപ്‌നം മാത്രമാണ്. നിയമസഭയില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ല. രണ്ടു വര്‍ഷം പിന്നിട്ട കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പരവൂര്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേരളത്തിലെ മുന്നണി വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. രണ്ടു വര്‍ഷത്തിനിടെ മോദി നടത്തിയ ഏതെങ്കിലും വാഗ്ദാനങ്ങള്‍ അദ്ദേഹം നടപ്പാക്കിയോ എന്ന് ആന്റണി ചോദിച്ചു. തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഒരു ഡസന്‍ കേന്ദ്രമന്ത്രിമാരാണ് അവര്‍ക്കുവേണ്ടി പ്രചാരണത്തിനുള്ളത്. ഡസന്‍ കണക്കിന് എംപിമാരും വരട്ടെ. കേന്ദ്രമന്ത്രിസഭായോഗംതന്നെ കേരളത്തില്‍ നടത്താനാവുമെന്നും ആന്റണി പരിഹസിച്ചു.
Next Story

RELATED STORIES

Share it