നിയമസഭയില്‍ എന്തു തോന്ന്യാസവും ചെയ്യാമെന്ന അവസ്ഥ മാറണം: നാരായന്‍

കൊച്ചി: ഓരോ ദിവസവും നിയമസഭയുടെ പ്രവര്‍ത്തനം എങ്ങനെ തടസ്സപ്പെടുത്താമെന്നാണ് ഭരണ പ്രതിപക്ഷങ്ങളുടെ ശ്രദ്ധയെന്ന് എഴുത്തുകാരന്‍ നാരായന്‍ പറഞ്ഞു. ഭരണ പ്രതിപക്ഷങ്ങള്‍ മാറി വരുമ്പോഴും ഇതാണ് അവസ്ഥ. പ്രതിപക്ഷത്തായാല്‍ യാതൊരു ഉത്തരവാദിത്തവുമില്ല. പിന്നെ എന്ത് തോന്ന്യാസവും ചെയ്യാമെന്ന അവസ്ഥ മാറണം. ജനവിരുദ്ധമായ നടപടികളാണ് ഭരണപക്ഷം നടപ്പാക്കുന്നതെങ്കില്‍ അതിനെ എതിര്‍ക്കേണ്ട ചുമതല പ്രതിപക്ഷത്തിനുണ്ട്. ഇടതായാലും വലതായാലും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ കുറച്ച് നല്ല കാര്യങ്ങളും കുറച്ച് മോശം കാര്യങ്ങളും ചെയ്യും. രണ്ടും കൂടിച്ചേരുമ്പോള്‍ ജനത്തിന് കൃത്യമായ ഒരു നിലപാടില്ലാതെ വരും. അധികാരം കിട്ടിക്കഴിഞ്ഞാല്‍ എങ്ങനെ അധികാരം പങ്കിടാമെന്ന ചിന്തയാണ് ഭരണാധികാരികള്‍ക്ക്. ചെയ്ത കാര്യങ്ങള്‍ ചെയ്തുവെന്നും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തില്ലായെന്നും പറയുന്ന പ്രകടനപത്രികകള്‍ ഉണ്ടാവണം. ഞാന്‍ ആദിവാസി വിഭാഗത്തില്‍പെട്ട ഒരാളാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ എംഎല്‍എ അധികാരത്തില്‍ വന്നാലും അതിന്റെതായ യാതൊരു പ്രയോജനവും കിട്ടാത്ത ഒരു വിഭാഗം ആളുകളാണ് ആദിവാസികള്‍. ആദിവാസി ഊരുകളില്‍ കുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍ ഭരണാധികാരികള്‍ പറയുന്നത് വൈറ്റമിന്‍ ഡെഫിഷ്യന്‍സി കൊണ്ടുണ്ടാവുന്നതാണെന്നാണ്. എന്നാല്‍, ഭക്ഷ്യലഭ്യതയുടെ കുറവിന് ഡോക്ടര്‍മാര്‍ക്ക് ശമ്പളം കൂട്ടിനല്‍കുകയാണ് ചെയ്യുന്നത്. ആരുടെയും സമീപനം ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. 14ാം നിയമസഭയില്‍ ആര്‍ക്ക് ഭൂരിപക്ഷം ലഭിക്കും എന്നതിനെക്കാള്‍ എന്നെ ആശങ്കപ്പെടുത്തുന്നത് നമ്മുടെ ജനാധിപത്യത്തിന് എത്ര ആയുസ്സ് ഉണ്ടാവുമെന്നതാണ്. ഭരണകര്‍ത്താക്കളുടെ താല്‍പര്യങ്ങളാണ് വികസനമെന്ന പേരില്‍ ഇവിടെ നടപ്പാവുന്നത്. പദ്ധതികള്‍ ആവിഷ്‌കരിക്കുന്നവര്‍ സ്വന്തം പോക്കറ്റ് നിറയ്ക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. നീ പറയുന്നതല്ല ഇവിടത്തെ നീതി എന്ന് സ്ഥാപിക്കാനാണ്  നീതിപീഠങ്ങള്‍ പോലും ശ്രമിക്കുന്നത്. നാരായന്‍ പറഞ്ഞു.

തയ്യാറാക്കിയത് : ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്
Next Story

RELATED STORIES

Share it