നിയമവിരുദ്ധ തീര്‍പ്പാക്കല്‍: തിരുത്തല്‍ നടപടി തുടങ്ങി

കൊച്ചി: കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ജെഎഫ്‌സിഎം)-2 ആര്‍ രാജേഷ് 1622 കേസുകള്‍ നിയമവിരുദ്ധമായി തീര്‍പ്പാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നു ഹൈക്കോടതി തിരുത്തല്‍ നടപടികള്‍ ആരംഭിച്ചു. ഈ കേസുകളിലെല്ലാം സ്വമേധയാ റിവിഷന്‍ ഹരജികള്‍ ഫയല്‍ ചെയ്യാന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 600ലധികം ഹരജികള്‍ സ്വമേധയാ ഫയലില്‍ സ്വീകരിച്ചതായാണു വിവരം. ഇതില്‍ ചില കേസുകള്‍ കഴിഞ്ഞദിവസം സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നിരുന്നു.
2016 ജൂണ്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ അബ്കാരി നിയമത്തിലെ 15(സി), ലഹരിമരുന്നുമായി ബന്ധപ്പെട്ട എന്‍ഡിപിഎസ് നിയമത്തിലെ 27(ബി), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279ാം വകുപ്പ്, മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ 185ാം വകുപ്പ് തുടങ്ങിയവ പ്രകാരമുള്ള 1622 കേസുകളാണ് ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 258ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് മജിസ്‌ട്രേറ്റ് നിയമവിരുദ്ധമായി തീര്‍പ്പാക്കിയത്.
. മജിസ്ട്രറ്റ് നിയമവിരുദ്ധമായാണ് കേസുകള്‍ തീര്‍പ്പാക്കിയതെന്ന് 2017 സെപ്റ്റംബര്‍ 18ന് ചേര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം കണ്ടെത്തിയിരുന്നു. ഹൈക്കോടതി 2013ലും 2015ലും ഇറക്കിയ നിര്‍ദേശങ്ങള്‍ ലംഘിച്ചായിരുന്നു മജിസ്‌ട്രേറ്റിന്റെ നടപടി. കേസിന്റെ നിയമവശങ്ങളൊന്നും പരിശോധിക്കാതെ പ്രതികളെ വെറുതെവിടുകയാണ് ഉണ്ടായത്. കൊല്ലം ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും (സിജെഎം) ഹൈക്കോടതി റജിസ്റ്റാറും (വിജിലന്‍സ്) സമര്‍പ്പിച്ച റിപോര്‍ടുകള്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പരിശോധിച്ചു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന്റെ നടപടി അധികാരം സ്വേഛാപരമായി ഉപയോഗിച്ചതാണെന്നും നിയമവിരുദ്ധമാണെന്നും കണ്ടെത്തിയത്. അതിനാല്‍ മജിസ്‌ട്രേറ്റിനെതിരെ അച്ചടക്ക നടപടിയും ശുപാര്‍ശ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it