Flash News

നിയമവിരുദ്ധ ട്രക്കിങ് :കര്‍ശന നടപടിയെന്ന് മന്ത്രി



തിരുവനന്തപുരം: വനത്തിനകത്ത് നിയമവിരുദ്ധമായി സംഘടിപ്പിക്കപ്പെടുന്ന ട്രക്കിങുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി അഡ്വ. കെ രാജു പറഞ്ഞു. സ്വകാര്യ ട്രക്കിങ് ഗ്രൂപ്പുകളും റിസോര്‍ട്ട് ഉടമകളും പ്രവേശനാനുമതിയില്ലാത്ത ഉള്‍വനത്തില്‍ സാഹസിക യാത്രകളും ട്രക്കിങും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം നീക്കങ്ങള്‍ ശക്തമായി നിരീക്ഷിച്ചുവരികയാണെന്നും ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളായി എത്തുന്നവര്‍ ഇതുപോലുള്ള വാഗ്ദാനങ്ങളില്‍പ്പെട്ട് വഞ്ചിതരാകരുത്. വനത്തിനകത്ത് ടൂറിസം അനുവദിക്കാത്ത മേഖലയില്‍ പ്രവേശിക്കുന്നത് കുറ്റകരമാണ്. നെല്ലിയാമ്പതിയിലെ കന്യാവനമായ ഗോവിന്ദമലയില്‍ റിസോര്‍ട്ട് ഉടമകളുടെ ഒത്താശയോടെ അനധികൃതമായി വനത്തിനകത്ത് പ്രവേശിച്ച നാലു പേരെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. നവമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് പല റിസോര്‍ട്ട് ഉടമകളും സഞ്ചാരികളെ എത്തിക്കുന്നത്. ഇത്തരം പ്രവണതകള്‍ തടയുന്നതിനായി കര്‍ശന നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനത്തിനകത്തെ അനധികൃത ഇടപെടലുകള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫോറസ്റ്റ് വിജിലന്‍സിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it