Flash News

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരേ നടപടി വേണം



തിരുവനന്തപുരം: വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരേ നടപടി ശക്തമാക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹറ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ റോഡപകടങ്ങളില്‍ വലിയ പങ്കുവഹിക്കുന്നു എന്നതിന്റെ പശ്ചാത്തലത്തിലാണു നിര്‍ദേശം. വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പനയ്ക്കനുസരിച്ചുള്ള ബോഡി, സൈലന്‍സര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി, പകരം മറ്റു വാഹന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാവുന്നുണ്ട്. എറ്റവും അനിവാര്യമായ ആവശ്യങ്ങള്‍ക്കുമാത്രമേ വാഹനങ്ങള്‍ക്കു രൂപമാറ്റം നല്‍കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരില്‍ നിന്ന് അനുമതി ലഭിക്കൂ. ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതു പോലെ ശാസ്ത്രീയമല്ലാതെ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുമതി ലഭിക്കുകയുമില്ല. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍ സംസ്ഥാനത്ത് ഉപയോഗത്തിലുണ്ടെന്നാണു മനസ്സിലാക്കുന്നതെന്നു പോലിസ് മേധാവി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരത്തില്‍ ഈയിടെ നടത്തിയ പരിശോധനയില്‍ രൂപമാറ്റം വരുത്തിയതും വേണ്ടത്ര രേഖകളില്ലാത്തതുമായ 30 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇവയില്‍ രൂപമാറ്റത്തിന് അനുമതിയില്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യും. കൂടാതെ ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് പ്രകാരം പിഴ ചുമത്താനുള്ള നടപടിയും സ്വീകരിച്ചുവരുന്നു.തിരുവനന്തപുരം സിറ്റി പോലിസ് നടത്തിയ ഇത്തരത്തിലുള്ള പരിശോധന മറ്റു ജില്ലകളിലും നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലിസ് മേധാവി പറഞ്ഞു. നിയമ പ്രകാരമല്ലാതെയും ആവശ്യമായ അനുമതി വാങ്ങാതെയും വാഹനങ്ങളില്‍ രൂപമാറ്റം വരുത്താന്‍ ആരും ശ്രമിക്കരുതെന്നും സംസ്ഥാന പോലിസ് മേധാവി അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it