നിയമവിരുദ്ധമായി കുപ്പിവെള്ളം നിര്‍മിച്ച് വിതരണം ചെയ്യുന്നവര്‍ക്കെതിരേ നടപടി

തിരുവനന്തപുരം: നിയമവിരുദ്ധമായി കുപ്പിവെള്ളം നിര്‍മിച്ച് വിതരണം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരക്കാരെക്കുറിച്ച് അധികൃതര്‍ക്കു വിവരം നല്‍കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ചൂടു കനത്തതോടെ ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം വിപണിയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി. സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന കുപ്പിവെള്ളം ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് വ്യവസ്ഥകളും ലംഘിക്കുന്നതായി നിരവധി പരാതികള്‍ ലഭ്യമായിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷാ ലൈസന്‍സും ബിഐഎസ് സര്‍ട്ടിഫിക്കേഷനും കൂടാതെ കുപ്പിവെള്ളം ഉല്‍പാദിപ്പിച്ച് വില്‍പന നടത്തുന്നവര്‍ക്കെതിരേ  ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനു ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന കുപ്പിവെള്ളം മാനദണ്ഡങ്ങള്‍ കൂടാതെ വിതരണം ചെയ്യാന്‍ പാടില്ലാത്തതാണ്. ഇതു ലംഘിക്കുന്നവരെക്കുറിച്ച് ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരെയോ, ഭക്ഷ്യസുരക്ഷാ മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡിനെയോ, ഭക്ഷ്യസുരക്ഷാ ടോള്‍ ഫ്രീ നമ്പറിലോ അറിയിക്കണം. ടോള്‍ ഫ്രീ നമ്പര്‍ 18004251126. തിരുവനന്തപുരം: 8943346181, കൊല്ലം: 82, പത്തനംതിട്ട 83, ആലപ്പുഴ 84, കോട്ടയം 85, ഇടുക്കി 86, എറണാകുളം 87, തൃശൂര്‍ 88, പാലക്കാട്, 89, മലപ്പുറം 90, കോഴിക്കോട് 91, വയനാട് 92, കണ്ണൂര്‍ 93, കാസര്‍കോട് 94. മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് തിരുവനന്തപുരം 8943346195, എറണാകുളം-96, കോഴിക്കോട് 97.
Next Story

RELATED STORIES

Share it