kannur local

നിയമവിദ്യാര്‍ഥിക്കുനേരെ റാഗിങ് ; സുരക്ഷ ആവശ്യപ്പെട്ട് മാതാപിതാക്കള്‍



കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ലീഗല്‍ സ്റ്റഡീസിലെ നിയമവിദ്യാര്‍ഥിയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ അമല്‍ റാസിഖ് എസ്എഫ്‌ഐയുടെ ക്രൂരമായ റാഗിങിനിരയായ സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്ത്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് അമല്‍ റാസിഖിന്റെ മാതാപിതാക്കളായ പരീതും സുഹ്‌റയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കിടെ മൂന്നു തവണയാണ് മകന്‍ കോളജ് കാംപസില്‍ റാഗിങിനിരയായത്. കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ബീഫ് നിരോധനത്തിനും ഹാദിയ കേസ് വിധിക്കുമെതിരേ കമന്റുകള്‍ ഇട്ടതിനാണു ആക്രമണമെന്നാണ് ആരോപണം. 20ഓളം പേര്‍ ചേര്‍ന്ന് തല പിടിച്ച് തുടര്‍ച്ചയായി ചുമരിലിടിക്കുകയും മുഖത്തും നെഞ്ചത്തും മര്‍ദിക്കുകയും ചെയ്തു. കോളജിലെ അധ്യാപകര്‍ക്കും മറ്റു വിദ്യാര്‍ഥിക്കും മുന്നിലിട്ടായിരുന്നു ആക്രമണം. ബോധം നഷ്ടപ്പെട്ട അമല്‍ റാസിഖിനെ സുഹൃത്തുക്കള്‍ എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ ഉടന്‍ നടപടി കൈക്കൊള്ളണം. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വധഭീഷണിയുള്ളതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പോലിസ് ചീഫിനും തലശ്ശേരി ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനായ വിഷ്ണുവാണ് വധ ഭീഷണി മുഴക്കിയത്. റാഗിങ് ക്രൂരതകള്‍ മറച്ചുപിടിക്കാന്‍ എസ്എഫ്‌ഐ കാംപസിലും പൊതുസമൂഹത്തിലും വ്യാജപ്രചാരണം അഴിച്ചുവിടുകയാണ്. സീനിയര്‍ വിദ്യാര്‍ഥിനിക്ക് അമല്‍ റാസിഖ് വാട്‌സ് ആപ് വഴി അശ്ലീലസന്ദേശം അയച്ചെന്നും എസ്എഫ്‌ഐ ജില്ലാകമ്മിറ്റി അംഗത്തെ ആക്രമിച്ചെന്നുമാണ് പ്രചാരണം. പോലിസില്‍ കള്ളപരാതികള്‍ കൊടുക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെയും മറ്റും പരാതിയില്‍ അമല്‍ റാസിഖിനെതിരേ കഴിഞ്ഞ ദിവസം ധര്‍മടം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it