Pathanamthitta local

നിയമലംഘനങ്ങള്‍: വിജിലന്‍സ് പരിശോധന പ്രഖ്യാപനത്തിലൊതുങ്ങി

പത്തനംതിട്ട: ജില്ലയിലെ ക്വാറികളുടെതടക്കമുള്ള  നിയമലംഘനം പരിശോധിക്കാനുള്ള വിജിലന്‍സ് നീക്കം ഡയറക്ടറുടെ പ്രഖ്യാപനത്തിലൊതുങ്ങി. 2016 ഡിസംബര്‍ രണ്ടിന് ജില്ലയിലെത്തിയ വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി പറയാതെ വന്നതോടെയാണ് ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ നിയമലംഘനം അന്വേഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്.
ജില്ലയിലെ ക്വാറികള്‍ എത്രയെന്ന ഡയറക്ടറുടെ ചോദ്യത്തിന് ജില്ലയിലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കും ഉത്തരം ഉണ്ടായിരുന്നില്ല. എത്രയെണ്ണം എന്നത് മുതല്‍ അന്വേഷിക്കാനാണ് അദ്ദേഹം പറഞ്ഞത്. പെര്‍മിറ്റ് എത്രയെണ്ണം, ഇല്ലാതെ ഏതെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോയെന്നുള്ളതും പരിശോധിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞിരുന്നു.  വന്‍കിട ക്വാറിയാണോ, ചെറുകിടയാണോ, പൊട്ടിച്ചെടുത്ത പാറയുടെ അളവ്, എത്ര രൂപ റോയല്‍റ്റി അടച്ചു, കൊണ്ടുപോയ പാറയുടെ അളവ് തുടങ്ങിയവ പ്രത്യേകം പരിശോധിക്കുന്നതിനും തീരുമാനിച്ചിരുന്നു. പാറമടകളില്‍ വിജിലന്‍സ് സര്‍വ്വേ നടത്തിയാവും ഇതെല്ലാം കണ്ടെത്തുകയെന്നും വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.. അനുവദിച്ച വിസ്തൃതി എത്രയെന്നും കൂടുതല്‍ പൊട്ടിച്ചുവോ എന്നതും പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.  വടശേരിക്കര തെക്കുംമല വിംറോക്ക് എന്ന ക്വാറിക്ക് എതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതുമായി പറഞ്ഞിരുന്നെങ്കിലും ഇത് സംബന്ധിച്ച് പിന്നീട് വിവര ശേഖരണം ഒന്നും നടന്നില്ല.
ജില്ലയില്‍ വ്യാപകമായി ചട്ടം ലംഘിച്ച് നിലം നികത്തുന്നതായുള്ള പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ചില പഞ്ചായത്തുകളില്‍ നിര്‍ബാധം പാടം നികത്തുന്നു എന്നാണ് ലഭിച്ചിട്ടുള്ള വിവരം. ഇതിനും തുടര്‍നടപടികളുണ്ടായില്ല. ശബരിമല റോഡില്‍ ഗ്യാരണ്ടി സമയത്ത് തകര്‍ച്ചയുണ്ടായത് പരിശോധിക്കും. അത് കരാറുകാരനാണോ ചെയ്തത് എന്ന് നോക്കാന്‍ ഉദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ചിരുന്നു.
സര്‍ക്കാര്‍ പണം അറ്റകുറ്റപ്പണിക്ക് ചെലവിട്ടോ എന്നത് ഗൗരവമായി നോക്കണമെന്നും ജില്ലയില്‍ ലൈബ്രറികള്‍ കേന്ദ്രീകരിച്ച് അഴിമതിക്ക് എതിരെ ബോധവല്‍ക്കരണം നടത്തണമെന്നും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.  എന്നാല്‍ ഡയറക്ടറുടെ നടപടിക്ക് തുടര്‍ച്ചയില്ലാതായതോടെ ജില്ലാ മൈനിങ് ജിയോളജി സീനിയര്‍ ജിയോളജിസ്റ്റ്, റവന്യു വകുപ്പ്, പോലിസ്, വനം വകുപ്പ്, ജില്ലാ ദുരന്തനിവാരണ വകുപ്പ്, അഗ്‌നശമന സേന, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തു വരുമെന്ന ജനങ്ങളുടെ പ്രതീക്ഷ അവസാനിച്ചു.
Next Story

RELATED STORIES

Share it