നിയമയുദ്ധം തുടരും: പിതാവ്

കോഴിക്കോട്: മകന്റെ ഘാതകര്‍ക്ക് ശിക്ഷ ലഭിക്കുന്നതുവരെ നിയമയുദ്ധം തുടരുമെന്ന് കൊല്ലപ്പെട്ട ഷിബിന്റെ പിതാവ് ഭാസ്‌കരന്‍.
മകന്‍ കൊല്ലപ്പെട്ടു എന്ന യാഥാര്‍ഥ്യത്തിനും കോടതിയുടെ വിധിന്യായത്തിനും ഇടയില്‍ ഉത്തരംകിട്ടാതെ പകച്ചുനില്‍ക്കുകയാണ് ഈ പിതാവ്. മകന്‍ കൊല്ലപ്പെട്ട അക്രമത്തില്‍ പരിക്കേറ്റവരുടെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതി മുഖവിലയ്ക്ക് എടുക്കുന്നില്ലെങ്കില്‍ പിന്നെ ഇവിടെ എന്തു നീതി എന്ന ഈ പിതാവിന്റെ ചോദ്യം വിരല്‍ചൂണ്ടുന്നത് അന്വേഷണ നടപടികളുടെ വീഴ്ചകളിലേക്കാണ്.
പണാധിപത്യത്തിനു മുന്നില്‍ നീതിക്ക് ഒരു സ്ഥാനവുമില്ലെന്നും ഇരയ്ക്ക് ഒപ്പമല്ല, വേട്ടക്കാരനൊപ്പമാണ് കോടതി നിലകൊണ്ടതെന്നും ഷിബിന്റെ പിതാവ് ഭാസ്‌കരന്‍ കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഷിബിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടവരും പരിക്കേറ്റവരുമായവരുടെ സാക്ഷിമൊഴികള്‍ കോടതി മുഖവിലയ്ക്ക് എടുത്തില്ല. ഷിബിനോടൊപ്പം ആക്രമിക്കപ്പെട്ട സാക്ഷികളുടെ മൊഴിയാണ് സ്വീകരിക്കപ്പെടേണ്ടിയിരുന്നത്. അതുണ്ടായില്ല. സംഭവം പോലിസില്‍ അപ്പോള്‍ തന്നെ അറിയിച്ചിരുന്നെങ്കിലും അവര്‍ വഴിമാറി പോവുകയായിരുന്നു. പ്രതികളുടെ വസ്ത്രത്തില്‍ നിന്ന് ഷിബിന്റെ രക്തം ശാസ്ത്രീയമായി കണ്ടെത്തിയിരുന്നു. ഈ തെളിവുകളൊന്നും കോടതി പരിഗണിച്ചില്ലെന്നും വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും ഭാസ്‌കരന്‍ പറഞ്ഞു.
പ്രമാദമായ കേസില്‍ കുറ്റാരോപണം തെളിയിക്കാന്‍ ഉതകുന്ന തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. കൊലപാതകത്തിന് പ്രചോദനമായ കാരണങ്ങള്‍ മുതല്‍ സാഹചര്യ തെളിവുകള്‍, ദൃക്‌സാക്ഷികള്‍ തുടങ്ങി പ്രതികളെ കുറ്റകൃത്യവുമായി ചേര്‍ത്തു നിര്‍ത്താനായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളെല്ലാം ദുര്‍ബ—ലവും പ്രതിഭാഗത്തിന് നിഷ്പ്രയാസം ഖണ്ഡിക്കാനാവുന്നതുമായിരുന്നു.
സംഭവം നടന്നു എന്നുപറയുന്ന സ്ഥലത്ത് ധാരാളം വീടുകള്‍ ഉണ്ടായിരുന്നിട്ടും സജീവ സിപിഎം പ്രവര്‍ത്തകരല്ലാത്ത ഒരാളെപോലും സാക്ഷിയായി ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതികളുടെ അഭിഭാഷകന്‍, കേസ് കെട്ടിച്ചമച്ചതാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ഉന്നയിച്ച പ്രധാനവാദം തന്നെ പ്രോസിക്യൂഷന്റെ ഈ വീഴ്ചയായിരുന്നു.
ആക്രമണം സംബന്ധിച്ച് പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കാന്‍ വൈകിയതിന്റെ കാരണം വ്യക്തമാക്കാനും പ്രോസിക്യൂഷനു സാധിച്ചില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുക എന്ന അടിയന്തര സാഹചര്യമാണ് വിവരം അറിയിക്കാന്‍ വൈകിയത് എന്ന വാദിഭാഗത്തിന്റെ വിശദീകരണവും പ്രതിഭാഗം ഖണ്ഡിച്ചു. സാക്ഷികളായി എത്തിയവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നും പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന നടത്തി യഥാര്‍ഥ വസ്തുത മറച്ചുവച്ച് കെട്ടിച്ചമച്ചതാണ് കേസ് എന്നും ഇതുവഴി പ്രതിഭാഗത്തിനു സമര്‍ഥിക്കാനായി. പ്രതിചേര്‍ക്കപ്പെട്ടവര്‍ സംഭവസ്ഥലത്ത് എത്തി, ഇവര്‍ എത്തിയ വാഹനങ്ങള്‍ കേടുപാടു സംഭവിച്ചു, പ്രതികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു എന്നീ കണ്ടെത്തലുകള്‍ക്ക് വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പോലിസും പ്രോസിക്യൂഷനും പരാജയപ്പെട്ടു എന്നാണ് കോടതിവിധി വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it