World

നിയമപോരാട്ടം അവസാനിക്കും മുമ്പേ ആല്‍ഫി ഇവാന്‍സ് യാത്രയായി

ലണ്ടന്‍: ദയാവധ നിര്‍ദേശത്തിനെതിരായ മാതാപിതാക്കളുടെ നിയമപോരാട്ടം അവസാനിക്കും മുമ്പേ മരണത്തിനു കീഴടങ്ങി രണ്ടു വയസ്സുകാരന്‍ ആല്‍ഫി ഇവാന്‍സ്. കോടതിവിധി പ്രകാരം ജീവന്‍രക്ഷാ സംവിധാനങ്ങള്‍ മാറ്റിയതോടെ കുഞ്ഞ് മരണത്തിനു കീഴടങ്ങുകയായിരുന്നു.
തലച്ചോര്‍ നശിക്കുന്ന രോഗമായിരുന്നു കേറ്റ് ജെയിംസ്- ടോം ഇവാന്‍സ് ദമ്പതികളുടെ മകന്‍ ആല്‍ഫി ഇവാന്‍സിന്. ബ്രിട്ടനിലെ ലിവര്‍പൂളില്‍ ശിശുരോഗാശുപത്രിയില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ആല്‍ഫിയുടെ ജീവന്‍ നിലനിര്‍ത്തിയത്. 2016 മെയിലാണ് ആല്‍ഫി ജനിച്ചത്. ഡിസംബറില്‍ അപസ്മാരം ബാധിച്ച് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലച്ചോര്‍ നശിക്കുന്ന അസുഖമാണെന്നു കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ മികച്ച ചികില്‍സയ്ക്കായി ഇറ്റലിയിലേക്കു കൊണ്ടുപോവാനായിരുന്നു രക്ഷിതാക്കള്‍ ശ്രമിച്ചത്. എന്നാല്‍, കുഞ്ഞിന് കൂടുതല്‍ ചികില്‍സ നല്‍കിയിട്ടു കാര്യമില്ലെന്നും വെന്റിലേറ്റര്‍ ഒഴിവാക്കി ദയാവധം അനുവദിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ലിവര്‍പൂള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ തീരുമാനം. ചികില്‍സ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്തുന്നത് ആല്‍ഫിയോടു ചെയ്യുന്ന പാതകമായിരിക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ചികില്‍സ ചെയ്യുന്നത് മനുഷ്യത്വരഹിതമായിരിക്കുമെന്നും ഡോക്ടര്‍മാര്‍ വാദിച്ചു.
കുഞ്ഞിനെ തുടര്‍ചികില്‍സയ്ക്കു വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കോടതിയിലെത്തി. ജീവന്‍രക്ഷാ ഉപകരണം പിന്‍വലിക്കാനുള്ള അധികാരം ആര്‍ക്ക് എന്ന ചോദ്യമാണ് കേസില്‍ ഉയര്‍ന്നുവന്നത്. തന്റെ കുഞ്ഞ് ആശുപത്രിയില്‍ തടവുകാരനാണെന്നും രോഗം തെറ്റായി നിര്‍ണയിച്ചിരിക്കുകയാണെന്നും പിതാവ് ടോം ഇവാന്‍സ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, ചികില്‍സ തുടരേണ്ടതില്ലെന്ന് ആശുപത്രിയും വാദിച്ചു. കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്നതിന് ഒരു പ്രതീക്ഷയും ഇല്ലാത്തതിനാല്‍ ജീവന്‍രക്ഷാ ഉപകരണം എടുത്തുമാറ്റാന്‍ ഡോക്ടര്‍മാരെ അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍, രക്ഷിതാക്കള്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കി. അതോടെ ആല്‍ഫിയുടെ വിഷയം അന്താരാഷ്ട്ര ശ്രദ്ധനേടി. വിവിധ രാജ്യങ്ങളില്‍ നിന്നു രക്ഷിതാക്കള്‍ക്കു പിന്തുണയും ലഭിച്ചു. പോപ്പ് ഫ്രാന്‍സിസും രക്ഷിതാക്കളെ പിന്തുണച്ച് രംഗത്തെത്തി.
അതിനിടെ ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിക്കുകയും ചെയ്തു. പിന്നീട് കുഞ്ഞിനെ ഇറ്റലിയിലേക്കു കൊണ്ടുപോവുന്നതിന് അനുമതി ലഭിക്കുന്നതിനായി മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. കോടതി കുഞ്ഞിനെ ഇറ്റലിയിലേക്കു കൊണ്ടുപോവാന്‍ അനുമതി നല്‍കി. എന്നാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയശേഷം കൊണ്ടുപോവുന്നതിനായിരുന്നു അനുമതി ലഭിച്ചത്. അതനുസരിച്ച് കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it