നിയമനിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: എംഎല്‍എമാര്‍ സ്വന്തം കടമകള്‍ മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. നിയമനിര്‍മാണത്തില്‍ ഓരോ അംഗത്തിനും തന്റേതായ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കണം. നിയമസഭാ രീതികളെക്കുറിച്ച് അംഗങ്ങള്‍ സാമാന്യ അറിവ് നേടേണ്ടത് ആവശ്യമാണ്. കാര്യങ്ങള്‍ പഠിച്ചുവേണം നിയമസഭയില്‍ അംഗങ്ങള്‍ എത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സാമാജികര്‍ക്കായുള്ള പരിശീലന പരിപാടി നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എംഎല്‍എമാര്‍ പ്രസംഗിക്കാന്‍ കയറുമ്പോള്‍ മിതത്വം പാലിക്കണം. നിയമനിര്‍മാണത്തെ ഗൗരവത്തോടെ കാണുന്നതിനൊപ്പം പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി നിയമസഭാ നടപടികളില്‍ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സാധ്യമോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജനപ്രതിനിധികള്‍ പലപ്പോഴും പ്രോട്ടോകോള്‍ ലംഘനത്തിന് വിധേയരാവുന്നുണ്ടെന്നും അതിന് മാറ്റമുണ്ടാക്കന്‍ ശ്രമിക്കണമെന്നും അധ്യക്ഷതവഹിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. വികസന നായകനാവാനുളള പൊതുജനങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്നും മാറി നിയമനിര്‍മാണത്തില്‍ പങ്കാളികളാവുകയാണ് ഓരോ എംഎല്‍എമാരും ചെയ്യേണ്ടതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സെക്രട്ടറി ഇന്‍ചാര്‍ജ് ജി ജയലക്ഷ്മി, മന്ത്രിമാര്‍, എംഎല്‍എമാ ര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വിളിച്ചുചേര്‍ത്ത യോഗത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും പിണറായി ഉപദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it