thiruvananthapuram local

നിയമനിര്‍മാണത്തിലും രാഷ്ട്രീയത്തിലും തിളങ്ങിയ വ്യക്തിത്വമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂണ്‍ ഒമ്പതിന് അന്തരിച്ച മുന്‍ നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയുമായ ടി എസ് ജോണിന് നിയമസഭയുടെ ചരമോപചാരം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ടി എസ് ജോണിന് അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചത്. ടി എസ് ജോണ്‍ നിയമനിര്‍മാണത്തിലും രാഷ്ട്രീയത്തിലും തിളങ്ങിയ വ്യക്തിത്വമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.
നിയമപരിജ്ഞാനവും അഭിഭാഷകവൃത്തിയും അദ്ദേഹത്തിന് നിയമസഭയില്‍ തിളങ്ങുന്നതിനു പ്രയോജനകരമായി. മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ അവശ്യസാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതിനു സാധിച്ചു. മാവേലി സ്‌റ്റോറുകള്‍ വരുന്നതിനു മുമ്പ് കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി കേരള സ്‌റ്റോറുകള്‍ ആരംഭിച്ച് പ്രശംസ പിടിച്ചുപറ്റിയതായും പിണറായി പറഞ്ഞു.
ടി എസ് ജോണിന്റെ നിര്യാണത്തോടെ കഴിവുറ്റ ഒരു സാമാജികനെയും പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായ ആദര്‍ശശാലിയായ ഒരു രാഷ്ട്രീയപ്രവര്‍ത്തകനെയും ഭരണാധികാരിയെയുമാണ് നമുക്കു നഷ്ടമായതെന്ന് ചരമോപചാരപ്രമേയം അവതരിപ്പിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എന്നും കര്‍ഷകരുടെ ശബ്ദമായിരുന്നു ടി എസ് ജോണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മന്ത്രി, സ്പീക്കര്‍ എന്നീ നിലകളില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചതായും ചെന്നിത്തല പറഞ്ഞു. സൗമ്യനായ നേതാവായിരുന്നു ടി എസ് ജോണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. വിശാലമായ മനസ്സിന്റെ ഉടമയും കര്‍ഷകസ്‌നേഹിയും പ്രമുഖ അഭിഭാഷകനുമായിരുന്നു ടി എസ് ജോണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം നേതാവ് പി ജെ ജോസഫ്, ബിജെപി നേതാവ് ഒ രാജഗോപാല്‍, കേരളാ കോണ്‍ഗ്രസ്- ബി നേതാവ് കെ ബി ഗണേഷ്‌കുമാര്‍, സിഎംപി നേതാവ് ചവറ വിജയന്‍പിള്ള, ആര്‍എസ്പി- എല്‍ നേതാവ് കോവൂര്‍ കുഞ്ഞുമോന്‍, പി സി ജോര്‍ജ് എന്നിവരും ടി എസ് ജോണിനെ അനുസ്മരിച്ചു സംസാരിച്ചു. നേതാക്കളുടെ അനുസ്മരണത്തിനു ശേഷം ഒരുനിമിഷം മൗനം ആചരിച്ച് സഭ പിരിഞ്ഞു.
Next Story

RELATED STORIES

Share it