നിയമനരീതി വ്യത്യസ്തം ആണെങ്കിലും രണ്ടുതരം ശമ്പളം നല്‍കരുത്

പത്തനംതിട്ട: കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്കും വ്യത്യസ്ത ശമ്പളം നല്‍കിയത് മനുഷ്യാവകാശ ലംഘനമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തുല്യ ജോലിക്ക് തുല്യ വേതനം സുപ്രിംകോടതി അംഗീകരിച്ചതാണെന്നും ഇതിനെതിരേ പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫിസില്‍ ശബരിമല പ്ലാന്‍ സ്‌കീമിലാണ് കടമ്പനാട് സ്വദേശി ആര്‍ അര്‍ജുനെ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി നിയമിച്ചത്. 2015 ജൂലൈ മുതല്‍ 2017 ഫെബ്രുവരി വരെ പ്രതിമാസ വേതനം 25,000 രൂപയായി നിശ്ചയിച്ചു.
എന്നാല്‍ 2016 ഏപ്രില്‍ മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ ശമ്പളം 39,500 രൂപയായി ബോര്‍ഡ് നിശ്ചയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ല പരാതിക്കാരനെ നിയമിച്ചതെന്നും അതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വേതനം നല്‍കാനാവില്ലെന്നും ബോര്‍ഡിന്റെ റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പരാതിക്കാരന്റെ ആവശ്യവും തെളിവുകളും പരിശോധിച്ച് രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് കമ്മീഷന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it