നിയമനമില്ല, ഉദ്യോഗക്കയറ്റമില്ല; കാര്‍ഷിക സര്‍വകലാശാലയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍

എ പി വിനോദ്

കാഞ്ഞങ്ങാട്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. വര്‍ഷങ്ങളായി അധ്യാപകര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കാനോ പുതിയ നിയമനം നടത്താനോ യൂനിവേഴ്‌സിറ്റി തയ്യാറായിട്ടില്ല. കൃഷി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കേണ്ട യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള കോളജുകളില്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നെങ്കിലും അധ്യാപകരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍പോലും പുതുക്കി നിശ്ചയിച്ചിട്ടില്ല.
ഉദ്യോഗക്കയറ്റം നിഷേധിക്കപ്പെട്ട അധ്യാപകര്‍ യൂനിവേഴ്‌സിറ്റി ആസ്ഥാനമായ തൃശൂരിലും പടന്നക്കാട്ടും വെള്ളായണിയിലും റിലേ സത്യഗ്രം നടത്തിവരുകയാണ്. ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി, കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് ഫോറം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ഒമ്പതു ദിവസമായി നിശ്ശബ്ദ റിലേ നിരാഹാര സമരം നടത്തുന്നത്. രണ്ട് അധ്യാപകര്‍ വീതം ഒരോ കേന്ദ്രത്തിലും നിരാഹാരം അനുഷ്ഠിച്ച് ക്ലാസെടുക്കുന്ന പുതിയ സമരരീതിയാണ് ഇവര്‍ ആവിഷ്‌കരിച്ചത്. യൂനിവേഴ്‌സിറ്റിയില്‍ അവസാനമായി ഉദ്യോഗക്കയറ്റം നടത്തിയത് 2009-10 കാലയളവിലാണ്. എന്നാല്‍, അധ്യാപകരെ അവസാനമായി നിയമിച്ചതാവട്ടെ 1999ലും.
അര്‍ഹമായ പ്രമോഷന്‍ നല്‍കാത്ത യൂനിവേഴ്‌സിറ്റിക്കെതിരേയാണ് തങ്ങളുടെ സമരമെന്ന് തൃശൂര്‍ വെള്ളായണി കോളജ് അസി. പ്രഫ. ജിജു പി അലക്‌സ് പറയുന്നു. അധ്യാപകരെ നിയമിക്കുന്നതിനുള്ള മാനദണ്ഡം ഈ വര്‍ഷം വരാനിരിക്കുമ്പോഴും പഴയ മാനദണ്ഡ പ്രകാരം ആര്‍ക്കും ഉദ്യോഗക്കയറ്റം നല്‍കിയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മറ്റെല്ലാ വകുപ്പുകളിലും കാലാകാലങ്ങളില്‍ ഉദ്യോഗക്കയറ്റം നടപ്പാക്കുമ്പോള്‍ കാര്‍ഷിക സര്‍വകലാശാലയോട് അധികൃതര്‍ തീര്‍ത്തും നിഷേധാത്മക നിലപാടാണു സ്വീകരിക്കുന്നത്. സര്‍വകലാശാലയില്‍ നിലവില്‍ 60 ശതമാനം അധ്യാപകര്‍ മാത്രമേയുള്ളൂ. സര്‍വകലാശാലയില്‍ ഇപ്പോള്‍ 552 പേരാണ് അധ്യാപകരായി ഉള്ളത്. 300 പേരുടെ കുറവുണ്ട്. ഗവേഷണ വിഭാഗത്തിലാണ് അധ്യാപകരുടെ ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന സര്‍ക്കാര്‍ കാര്‍ഷിക ഗവേഷണമേഖലയെ അവഗണിക്കുന്നതാണ് ഇതില്‍നിന്നു വ്യക്തമാവുന്നതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അധ്യാപകര്‍ അധികസമയം ജോലി ചെയ്താണ് ക്ലാസുകള്‍ പൂര്‍ത്തിയാക്കുന്നത്. പടന്നക്കാട് കാര്‍ഷിക സര്‍വകലാശാലയില്‍ 66 തസ്തിക നിലവിലുണ്ട്. എന്നാല്‍, 17 സ്ഥിരം അധ്യാപകര്‍ മാത്രമാണുള്ളത്. 17 പേരെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ടെങ്കിലും പല വകുപ്പുകളുടെയും പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നില്ല.
സര്‍ക്കാര്‍ നടപടിയാണ് കാലതാമസത്തിനു കാരണമാവുന്നതെന്ന് വൈസ് ചാന്‍സലര്‍ പി രാജേന്ദ്രന്‍ പറഞ്ഞു. ഫെബ്രുവരി 15നു മുമ്പ് യുദ്ധകാല അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ട് പരിഷ്‌കരിച്ച് നിയമന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, മാനദണ്ഡ പരിഷ്‌ക്കരണത്തിനു വേണ്ടി സര്‍വകലാശാല നാലു മാസം മുമ്പ് സര്‍ക്കാരിന് അയച്ച ഫയല്‍ കൃഷിവകുപ്പിനു കീഴിലുള്ള ഫാം ഡിവിഷന് അയക്കുകയും ഇതു പിന്നീട് നിയമകാര്യ വകുപ്പിലേക്ക് അയക്കുകയും ചെയ്തു. അവര്‍ ചില നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സര്‍വകലാശാലയെ തിരിച്ചേല്‍പ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it