നിയമനത്തിന് നിയമ സാധുത ഉറപ്പ് വരുത്താന്‍ വനം വകുപ്പിന്റെ സമ്മര്‍ദം

പത്തനംതിട്ട: കേരളാ വനം വികസന കോര്‍പറേഷനില്‍ ഐഎഫ്എസിലെ ജൂനിയറായ ഉദ്യോഗസ്ഥനെ മാനേജിങ് ഡയറക്ടറായി നിയമിച്ചതിന് നിയമസാധുത ഉറപ്പ് വരുത്താന്‍ സര്‍വീസ് ചട്ട ഭേദഗതിക്ക് വനം വകുപ്പിന്റെ സമ്മര്‍ദം. മുഖ്യമന്ത്രിയുടെ ഓഫിസിലാണ് ഇപ്പോള്‍ ഫയല്‍ ഉള്ളത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസുള്ളത് ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ വകുപ്പ് സര്‍വീസ് ചട്ട ഭേദഗതിക്ക് അംഗീകാരം നല്‍കാത്തതെന്ന് അറിയുന്നു. എന്നാല്‍, അംഗീകാരത്തിന് വേണ്ടി വനംമന്ത്രി നേരിട്ട് ഇടപെടുന്നുവെന്നാണ് ആരോപണം.
നിലവിലെ സര്‍വീസ് ചട്ടം അനുസരിച്ച് വനം വകുപ്പിലെ ചീഫ് കണ്‍സര്‍വേറ്ററുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാണ് കെഎഫ്ഡിസിയില്‍ എം ഡിയായി ഡെപ്യൂേട്ടഷനില്‍ നിയമിക്കേണ്ടത്. എന്നാല്‍, ഇത്തവണ ഡപ്യുട്ടി കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ളയാളെ നിയമിച്ചതാണ് വിവാദത്തിന് കാരണമായത്.
സര്‍വീസില്‍ നിന്നും വിരമിച്ചതിന് ശേഷം ഐഎഫ്എസ് ലഭിച്ചതിനെ തുടര്‍ന്ന് മടങ്ങിയെത്തിയ ഉദ്യോഗസ്ഥനെയാണ് നിയമിച്ചത്. ഇതിനെ ചോദ്യം ചെയ്ത് സിഐടിയു യൂനിയന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജനറല്‍ മാനേജര്‍ കന്‍സര്‍വേറ്റര്‍ റാങ്കിലാണ്. ഡിവിഷനല്‍ മാനേജര്‍മാര്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍/അസി. കണ്‍സര്‍വേറ്റര്‍ റാങ്കിലും. തലപ്പത്ത് ഡെപ്യൂട്ടി കണ്‍സര്‍വര്‍വേറ്റര്‍ വരുന്നതോടെ താഴെത്തട്ടിലും മാറ്റം വരണം. ഇതിന് പുറമെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എംഡിയാവുന്നതോടെ സാമ്പത്തിക അധികാരങ്ങളിലും നിയന്ത്രണങ്ങള്‍ വരും. ഇതോടെ കമ്പനിയുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. 175ഓളം ജീവനക്കാരും ശ്രീലങ്കന്‍ അഭയാര്‍ഥികളടക്കം 1000ല്‍ അധികം തൊഴിലാളികളുണ്ട് വനം വികസന കോര്‍പറേഷന് കീഴില്‍. സര്‍വീസ്  സംഘടനകളുമായും പിഎസ്‌സിയുമായും ചര്‍ച്ച നടത്താതെയാണ് സര്‍വീസ് ചട്ടം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം വനം വകുപ്പ് തയ്യാറാക്കിയതെന്നാണ്  ആക്ഷേപം.
ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ സര്‍വീസ് ചട്ടം ഭേദഗതി ചെയ്യുന്നത് കോടതിയലക്ഷ്യമാവുമെന്നും ഒരു വിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വനം വകുപ്പില്‍ പിസിസിഎഫ് റാങ്കില്‍ തന്നെ ഒട്ടേറെ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കെ ഏറ്റവും ജൂനിയറായ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനെയാണ് തൊഴിലാളി സംഘനകള്‍ ചോദ്യം ചെയ്യുന്നത്.
Next Story

RELATED STORIES

Share it