kozhikode local

നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ ; പരാതി അന്വേഷിക്കാന്‍ പോയ പഞ്ചായത്ത് ജീവനക്കാര്‍ക്ക് നേരെ കൈയേറ്റ ശ്രമം



കുറ്റിയാടി: പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പൊതുവഴിയിലേക്ക് വലിച്ചെറിഞ്ഞ സംഭവം അന്വേഷിക്കാന്‍ പോയ പഞ്ചായത്ത് ജീവനക്കാര്‍ക്ക് നേരെ കൈയേറ്റ ശ്രമം. കുറ്റിയാടി ഗ്രാമപ്പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളായ സുനില, രാജീവന്‍, ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍ എന്നിവര്‍ക്കു നേരെയാണു തൊട്ടില്‍പ്പാലം റോഡിലെ ഒരു കടയുടമയുടെ നേതൃത്വത്തിലുള്ള സംഘം കൈയേറ്റ ശ്രമം നടത്തിയത്. ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ മെയ് 15 മുതല്‍ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ നിരോധിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ പ്രസിഡന്റ് സി എന്‍ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വ്യാപാരി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ചുമട്ട് തൊഴിലാളികള്‍, മോട്ടോര്‍ തൊഴിലാളികള്‍, മല്‍സ്യവില്‍പനക്കാര്‍, മാംസ വില്‍പനക്കാര്‍, യുവജനസംഘടനകള്‍ എന്നിവരുടെ വിപുലമായ യോഗം നടത്തിയിരുന്നു. യോഗത്തില്‍ ഉയര്‍ന്നുവന്ന തീരുമാനങ്ങളും  നിര്‍ദേശങ്ങളും അടങ്ങിയ നോട്ടീസ് എല്ലാ കടകളിലും വീടുകളിലും വിതരണവും ചെയ്തിരുന്നു. ഇപ്രകാരം പഞ്ചായത്ത് നടപ്പാക്കിയ തീരുമാനങ്ങള്‍ പൂര്‍ണമായും ലംഘിച്ച് കൊണ്ട് ഒരുകടയില്‍ നിന്ന് പൊതുസ്ഥലത്ത് പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം അന്വേഷിക്കാന്‍ എത്തിയതായിരുന്നു പഞ്ചായത്ത് ജീവനക്കാര്‍. ഇവര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ കടയുടമയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കയറുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമാണുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it