wayanad local

നിയമനങ്ങള്‍ വൈകുന്നു; പൊന്നാനി തീരദേശ പോലിസ് സ്റ്റേഷന്‍ നോക്കുകുത്തിയായി

പൊന്നാനി: തീരസുരക്ഷ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊന്നാനി തീരദേശ പോലിസ് സ്റ്റേഷന്‍ നോക്കുകുത്തിയായി. കെട്ടിടം യാഥാര്‍ഥ്യമായി മാസങ്ങള്‍ ഒത്തിരി കഴിഞ്ഞെങ്കിലും സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ ഇനിയും തുടങ്ങിയില്ല. ജീവനക്കാരുടെ നിയമനങ്ങള്‍ ഇനിയും നടന്നിട്ടുമില്ല.
കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷനും ലഭ്യമായിട്ടില്ല. നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടമിപ്പോള്‍ കാടുപിടിച്ച നിലയിലാണ്. എസ്‌ഐ ഉള്‍പ്പെടെ പത്തോളം ജീവനക്കാരുടെ നിയമനങ്ങളാണ് നടക്കേണ്ടത്. കൂടാതെ സുരക്ഷാ ബോട്ട്, റഡാര്‍, മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയും സ്റ്റേഷനില്‍ ഒരുക്കേണ്ടതുണ്ട്.
ജില്ലയുടെ തീരപ്രദേശങ്ങളിലെ പൂര്‍ണ സുരക്ഷയാണ് പൊന്നാനി തീരദേശ പോലിസ് സ്റ്റേ ഷനിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റേഷന്‍ പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അലംഭാവമാണ് കാണിക്കുന്നത്. ഏറെ വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്റ്റേഷന്‍ നിര്‍മിക്കാനാവശ്യമായ സ്ഥലം ഫിഷറീസ് വകുപ്പില്‍ നിന്ന് വിട്ട് കിട്ടിയത്.
കെട്ടിട നിര്‍മാണവും ഒച്ചിഴയും വേഗത്തിലായിരുന്നു. ഇപ്പോള്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ നിയമനത്തിനായുള്ള കാത്തിരിപ്പാണ്. ചുവപ്പുനാടയില്‍ കുടുങ്ങി തീരദേശ പോലീിസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനെതിരേ തീരവാസികള്‍ കനത്ത പ്രതിഷേധത്തിലാണ്.
പാലപ്പെട്ടി മുതല്‍ വള്ളിക്കുന്ന് വരെയുള്ള വിശാലമായ ജില്ലയുടെ തീരദേശം സുരക്ഷാ സൗകര്യങ്ങള്‍ക്കായി ബേപ്പൂരിനെയും കൊച്ചിയേയുമാണ് ആശ്രയിക്കുന്നത്. കടലില്‍ അപകടങ്ങളും മറ്റുമുണ്ടാകുമ്പോള്‍ ഇവിടെ നിന്ന് സുരക്ഷാ ബോട്ടുകള്‍ എത്തിവേണം രക്ഷാ പ്രവര്‍ത്തനം നടത്താന്‍.
എന്നാലിത് അപ്രായോഗികമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജിവന്‍ പണയം വച്ച് നടത്തുന്ന രക്ഷാ പ്രവര്‍ത്തനമാണ് പല അപകടങ്ങളെയും ദുരന്തങ്ങളാക്കി മാറ്റാതെ രക്ഷപ്പെടുത്തിയത്.
സ്റ്റേഷന്‍ കെട്ടിടത്തിന് കെട്ടിട നമ്പര്‍ ലഭിച്ചിട്ടും വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് പോലിസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
താല്‍ക്കാലിക വര്‍ക്ക് അറേഞ്ച്‌മെന്റിലൂടെ സറ്റേഷന്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകാന്‍ നീക്കം നടക്കുന്നതായി അറിയുന്നു.
Next Story

RELATED STORIES

Share it