നിയമനം 31.24 ശതമാനം മാത്രം

എച്ച്  സുധീര്‍

തിരുവനന്തപുരം: എല്‍ഡിസി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ മൂന്നുമാസം ശേഷിക്കെ 1500ത്തോളം ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍. 2015 മാര്‍ച്ച് 31നു നിലവില്‍വന്ന എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രതീക്ഷകള്‍ക്കാണു മങ്ങലേറ്റത്. 23,792 ഉദ്യോഗാര്‍ഥികളാണ് മെയിന്‍ ലിസ്റ്റില്‍ ഇടംനേടിയത്. കൂടാതെ സപ്ലിമെന്ററി ലിസ്റ്റിലുള്ള നിരവധി പേരും അവസരം കാത്തു കഴിയുന്നു. ആകെ നിയമനം നേടിയതാവട്ടെ 8,240 പേരും. നിയമന നടപടികളില്‍ പിഎസ്‌സി തുടരുന്ന മെെല്ലപ്പോക്കും അതതു വകുപ്പുകള്‍ കൃത്യമായ ഇടവേളകളില്‍ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാത്തതുമാണു നിയമനം ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നു വര്‍ഷത്തിനിടെ മെയിന്‍ ലിസ്റ്റില്‍ നിന്നുള്ള ശരാശരി നിയമനം 31.24 ശതമാനം മാത്രമാണ്. 10 ശതമാനം ബൈ ട്രാ ന്‍സ്ഫറും മൂന്നു ശതമാനം ഭിന്നശേഷി നിയമനവും ഒഴികെയാണിത്. എറ്റവും കൂടുതല്‍ നിയമനം നടന്നതു തിരുവനന്തപുരം ജില്ലയിലാണ്- 1048. കുറവു നിയമനം വയനാട്ടിലും-266 പേര്‍. മറ്റു ജില്ലകളിലെ നിയമനം ഇപ്രകാരമാണ്: കൊല്ലം-557, ആലപ്പുഴ-546, പത്തനംതിട്ട-407, കോട്ടയം-513, ഇടുക്കി-482, എറണാകുളം-685, തൃശൂര്‍-777, പാലക്കാട്-657, മലപ്പുറം-700, കോഴിക്കോട്-694, കണ്ണൂര്‍-560, കാസര്‍കോഡ്-348. 2009ലെ ലിസ്റ്റില്‍ നിന്നു 15,404 പേരും 2012ലെ ലിസ്റ്റില്‍ നിന്നു 11,974 പേരും സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും കുറവു നിയമനം നടത്തിയ റാങ്ക് ലിസ്റ്റായി നിലവിലെ ലിസ്റ്റ് മാറുകയാണ്.
2015 മാര്‍ച്ച് 31നു നിലവില്‍വന്ന ലിസ്റ്റില്‍ നിന്നും 2015 നവംബര്‍ 27 മുതലാണ് അഡൈ്വസ് മെമ്മോ അയച്ചു തുടങ്ങിയത്. കാലാവധി അവസാനിച്ച പഴയ ലിസ്റ്റിന് ആറുമാസം കൂടി കാലാവധി നീട്ടിനല്‍കിയതും നിലവിലെ ലിസ്റ്റിന് തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ 27 വരെയുള്ള എട്ടുമാസം പുതിയ ലിസ്റ്റില്‍ നിന്നു നിയമനം നടന്നില്ല. ഈ ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ക്കു ലഭിക്കേണ്ട 151 ഒഴിവുകള്‍ സൂപ്പര്‍ ന്യൂമററി തസ്തിക വഴി പഴയ ലിസ്റ്റിലുള്ളവര്‍ക്കു നല്‍കിയതായും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
പിഎച്ച് റൊട്ടേഷന്‍ തിരുത്തിയതിനാല്‍ 2017 മെയില്‍ സുപ്രിംകോടതി ഉത്തരവു പ്രകാരം മൂന്നു മാസം നിയമന നിരോധനവും വന്നിരുന്നു. ചുരുക്കത്തില്‍, ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു 11 മാസമാണു നഷ്ടമായത്. രണ്ടു വര്‍ഷം പോലും കാലാവധി ലഭിക്കാത്ത നിലവിലെ ലിസ്റ്റിന്റെ കാലാവധി 2018 മാര്‍ച്ച് 31ന് അവസാനിക്കും. ഇതിനിടെ പുതിയ എല്‍ഡിസി പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് വന്നതും ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നു. നിലവിലെ ലിസ്റ്റിലുള്ള ഭൂരിഭാഗവും പ്രായപരിധി കഴിഞ്ഞ ഉദ്യോഗാര്‍ഥികളാണ്. ഈ സാഹചര്യത്തില്‍ 2018 ഡിസംബര്‍ 31 വരെ നിലവിലെ ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണു റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ ആവശ്യം.
അതേസമയം, നിയമനം ഇഴഞ്ഞുനീങ്ങുമ്പോഴും പല വകുപ്പുകളും ഒഴിവുകള്‍ പൂഴ്ത്തിവയ്ക്കുന്ന പ്രവണത വ്യാപകമാവുകയാണ്. മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ 30ഓളം ഒഴിവുകള്‍ കോഴിക്കോട് ജില്ലയില്‍ മാത്രമുണ്ടെങ്കിലും പിഎസ്‌സിയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെ ന്റില്‍ ആശ്രിതനിയമനം വ്യാപകമാണെന്നാണ് ആക്ഷേപം.
കോടതികളില്‍ 10 ശതമാനം മാത്രം ഉദ്യോഗക്കയറ്റം നടത്തണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ 40 ശതമാനം എല്‍പിഇ ഉദ്യോഗാര്‍ഥികളെ സ്ഥാനക്കയറ്റം വഴി എല്‍ഡിസി ഒഴിവുകളില്‍ തിരുകിക്കയറ്റുകയാണ്. പത്തനംതിട്ട ജില്ലയില്‍ മാത്രമാണു 10 ശതമാനമെന്ന മാനദണ്ഡം പാലിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിലും ഒഴിവുകള്‍ അനവധിയാണെങ്കിലും പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാന്‍ വൈകുകയാണ്.
Next Story

RELATED STORIES

Share it