Idukki local

നിയമത്തിന്റെ കര്‍ശന നിലപാട്: ലൈറ്റ് ആന്റ് സൗണ്ട് മേഖല പ്രതിസന്ധിയില്‍



തൊടുപുഴ: ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങിയ ശേഷം നിയമത്തിന്റെ കര്‍ശന നിലപാടുമൂലം തൊഴില്‍രഹിതരായി മാറുന്ന വിഭാഗമായി ലൈറ്റ് ആന്റ് സൗണ്ട് മേഖല മാറുന്നു. ശബ്ദമലിനീകരണത്തിനെതിരേ എല്ലാ മേഖലയില്‍നിന്നും എതിര്‍പ്പ് ഉയര്‍ന്നുവന്നതോടെ പുതിയ നിയമനിര്‍മാണങ്ങള്‍ ഈ രംഗത്തു ജോലിയെടുക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. കൂടാതെ അമ്പലങ്ങള്‍, പള്ളികള്‍ മാത്രമല്ല പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തമായി ആംപ്ലിഫയറും മറ്റ് അനുബന്ധ സാമഗ്രികളും സ്വന്തമായി വാങ്ങി ഉപയോഗിക്കുന്നതും ഈ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കു തിരിച്ചടിയായി.മുമ്പൊക്കെ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കോര്‍ണര്‍ മീറ്റിങ്ങുകള്‍ ഇടയ്ക്കിടെ ലഭിക്കുമായിരുന്നു. ഇപ്പോള്‍ അത്തരം മീറ്റിങ്ങുകള്‍ കുറവാണ്. പിന്നെയുള്ളത് ഓണം, കെട്ടുനിറ, കുടുംബശ്രീ വാര്‍ഷികം പോലെയുള്ള പരിപാടികളാണ്. മുമ്പ് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് തൊട്ടടുത്ത പോലിസ് സ്‌റ്റേഷനില്‍നിന്ന് അനുമതി ലഭിച്ചിരുന്നു. ഇപ്പോള്‍ ഡിവൈഎസ്പി, എസ്പി മുതലായവരില്‍നിന്നു മാത്രമെ അനുമതി ലഭിക്കൂ. രാത്രി 10 മണിക്കു ശേഷം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ആശുപത്രി, കോടതി, സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവയുടെ പരിസരങ്ങളിലും ഉച്ചഭാഷിണിയുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. നിയമ—ങ്ങള്‍ ലംഘിച്ചാല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുമെന്നു മാത്രമല്ല പിഴയും ചുമത്തും.   മറ്റെല്ലാ മേഖലയിലും പോലെ ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലും ആധുനികവല്‍കരണം നടപ്പായിക്കഴിഞ്ഞു. 300 വാട്ട്‌സിന്റെ ഒരു ആംപ്ലിഫയറും രണ്ട് കോളാമ്പിയും ഉണ്ടായിരുന്നാല്‍ നാട്ടിന്‍പുറങ്ങളില്‍ ഒരു മൈക്ക് സെറ്റ് സ്ഥാപനം നടത്താമായിരുന്നു. എന്നാല്‍, ഇന്ന് ചിത്രം മാറി. ബ്ലൂടൂത്തിലും വൈഫൈയിലും പ്രവര്‍ത്തിക്കുന്ന മൈക്രോഫോണ്‍ മുതല്‍ സ്പീ—ക്കറുകള്‍ വരെ രംഗത്ത് സര്‍വസാധാരണമായിക്കഴിഞ്ഞു. 30,000 മുതല്‍ രണ്ടുലക്ഷം വരെ വാട്‌സിലാണ് ഗാനമേളകള്‍ നടക്കുന്നത്. വിലകൂടിയ ലേസര്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയാല്‍ മാത്രമേ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, അതിനുതക്ക വരുമാനം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
Next Story

RELATED STORIES

Share it