നിയമങ്ങള്‍ പുല്ലാക്കി പോലിസ്

പോലിസിനും വേണം മൂക്കുകയര്‍-2 - കെ വി ഷാജി

ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധത്തോടെ, നിര്‍ഭയരായി കടന്നുചെല്ലാന്‍ പറ്റുന്ന ഒന്നായിരിക്കണം പോലിസ് സ്‌റ്റേഷനുകള്‍. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് മുന്തിയ പരിഗണനയും പരിപാലനവും ഇവിടങ്ങളില്‍ നിന്നു ലഭിക്കാന്‍ നിയമപരമായ അവകാശവുമുണ്ട്. ഓരോ പോലിസ് ഉദ്യോഗസ്ഥനും സേനയില്‍ അംഗമാവുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞ അക്ഷരത്താളുകളില്‍ അന്ത്യവിശ്രമത്തിലാണ്: ''ഞാന്‍ ഇന്ത്യാ രാജ്യത്തോടും വ്യവസ്ഥാപിതമായ ഇന്ത്യന്‍ ഭരണഘടനയോടും വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും കേരള സംസ്ഥാന പോലിസ് സേനയിലെ ഒരംഗം എന്ന നിലയില്‍ സത്യസന്ധമായും നിഷ്പക്ഷമായും ആത്മാര്‍ഥമായും ജനസേവനം നടത്തുമെന്നും പക്ഷഭേദം, സ്വജനപ്രീതി, വിദ്വേഷം, പ്രതികാരബുദ്ധി എന്നിവയ്ക്ക് അതീതമായി എന്റെ പരമാവധി അറിവും കഴിവും കാര്യക്ഷമതയും ഉപയോഗിച്ച് ഭരണഘടനയില്‍ ഉദ്‌ഘോഷിച്ചിട്ടുള്ളതുപോലെ വ്യക്തികളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് പോലിസിന്റെ അന്തസ്സിനു ചേര്‍ന്ന രീതിയില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങളും ചുമതലകളും നിര്‍വഹിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു.'' ഈ പ്രതിജ്ഞയില്‍ ഏതെല്ലാമാണ് കേരളത്തിലെ പോലിസ് സ്‌റ്റേഷനുകളില്‍ പുലരുന്നതെന്ന് മലയാളി പരിശോധിച്ചുനോക്കേണ്ട സമയം വൈകിത്തുടങ്ങി.
ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമായിരുന്ന പരീക്ഷണങ്ങള്‍ക്ക് വിനിയോഗിക്കേണ്ട സമയവും ഊര്‍ജവും ജീവിതവും, മേല്‍പ്പറഞ്ഞ പ്രതിജ്ഞ സ്വീകരിച്ച പോലിസുകാര്‍ കെട്ടിച്ചമച്ച കേസില്‍ നിന്നു വിടുതല്‍ നേടുന്നതിനു വേണ്ടി വിനിയോഗിച്ച് ക്ഷീണിച്ചുപോയ ഒരു ശാസ്ത്രജ്ഞനുണ്ട് കേരളത്തില്‍- നമ്പി നാരായണന്‍. കേസിന്റെ ക്വാട്ട തികയ്ക്കാന്‍ പോക്കറ്റടിക്കാരന്റെ മുതുകില്‍ സകല കേസും കെട്ടിവയ്ക്കാനുള്ള വിദ്യ മാത്രമല്ല തങ്ങള്‍ക്ക് വഴങ്ങുകയെന്ന് കേരള പോലിസ് ഭരണകൂടത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്തിയ ഒരു അന്താരാഷ്ട്ര കേസിലെ ഇര. ഇങ്ങനെ എത്രയോ പോലിസ് ഇരകള്‍ വാര്‍ത്തകള്‍ക്ക് ഇടം നല്‍കാതെ ജയിലറകളില്‍ ഇന്നും കഴിഞ്ഞുവരുന്നു.
പോലിസിന്റെ ലോകത്ത് ശാസ്ത്രജ്ഞനും പോക്കറ്റടിക്കാരനുമില്ല. അവിടെ എല്ലാവരും സമന്‍മാരാണ്. ഏതൊക്കെയോ അജ്ഞാതയിടങ്ങളില്‍ നിന്നു ലഭിക്കുന്ന ആജ്ഞകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കൂലിത്തൊഴിലാളികളായി തങ്ങള്‍ മാറിയെന്ന് ഇതില്‍ കൂടുതല്‍ എങ്ങനെയാണ് ഒരു സേനയ്ക്ക് വെളിപ്പെടുത്താനാവുക? പൊതുസമൂഹം എല്ലാ നിയമങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട പോലിസ്, സ്വന്തം നിലയ്ക്ക് പാലിക്കേണ്ട ഏതെല്ലാം നിയമങ്ങള്‍ പാലിക്കുന്നു എന്ന പരിശോധന കൗതുകമുണര്‍ത്തും. പരാതിയുമായി സ്റ്റേഷനില്‍ എത്തുന്ന ഒരാളോട് പെരുമാറേണ്ട രീതി മുതല്‍, റോഡില്‍ നടത്തുന്ന വാഹന പരിശോധന വരെ നീളുന്ന സകല വ്യവഹാരങ്ങളിലും നിലവിലുള്ള നിയമനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് പോലിസ് പ്രവര്‍ത്തിച്ചുവരുന്നത്.
മാവോവാദി എന്ന ചാപ്പ കുത്തി വയനാട്ടില്‍ പോലിസ് തടഞ്ഞുവച്ച ശ്യാം ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയില്‍ 2015 മെയ് 22ന് കേരള ഹൈക്കോടതി പറഞ്ഞ ചില കാര്യങ്ങള്‍ പോലിസ് സംവിധാനത്തിന്റെ ഭരണഘടനാ നിഷേധങ്ങളുടെ വ്യാപ്തിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭരണഘടനാപരമായ മൗലികാവകാശത്തിനും നിയമത്തിനും വിരുദ്ധമായി പോലിസ് പീഡനത്തിനു വിധേയനായ ശ്യാം ബാലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചുകൊണ്ട് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പറഞ്ഞത്, സംരക്ഷകരാവേണ്ട പോലിസ് സേന വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുകയാണ് എന്നതാണ്.
കുറ്റകൃത്യത്തിനെതിരേ നടപടിയെടുക്കാന്‍ പോലിസിനുള്ള അധികാരവും വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഭരണപരമായ ബാധ്യതയും തമ്മില്‍ സന്തുലനം ഉറപ്പാക്കേണ്ടതുണ്ട്. അതില്‍ ഭരണസംവിധാനത്തിനു പറ്റിയ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിക്കു കാരണമായത്. ശ്യാം ബാലകൃഷ്ണനെ തടഞ്ഞുവച്ചത് സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയമാണ്, ഉദ്യോഗസ്ഥരുടേതല്ല. ഭരണസംവിധാനത്തിന്റെ നിലപാടുകളാണ് ഉദ്യോഗസ്ഥരുടെ പ്രവൃത്തികളില്‍ പ്രതിഫലിക്കുന്നത് എന്നാണ്.
അങ്ങനെയെങ്കില്‍ പോലിസ് സേന നടത്തിയ ഭരണഘടനാ ലംഘനങ്ങളുടെയും മാനുഷിക വിരുദ്ധതയുടെയും കുറ്റവും ശിക്ഷയും സര്‍ക്കാരുകള്‍ക്കും കക്ഷിരാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. പ്രതിപക്ഷപ്പുതപ്പിനടിയില്‍ നിന്ന് പോലിസിന്റെ നീതിനിഷേധങ്ങള്‍ക്കെതിരേ ഉച്ചത്തില്‍ ആക്രോശിച്ചവര്‍ പിന്നീട് ആഭ്യന്തര മന്ത്രിമാരായിട്ടും ആഭ്യന്തരമന്ത്രിമാര്‍ പ്രതിപക്ഷമായിട്ടും, ഭരണം പെന്‍ഡുലം പോലെ ഇടത്തോട്ടും വലത്തോട്ടും ആടിക്കൊണ്ടിരുന്നിട്ടും കേരളത്തിലെ പോലിസ് പഴയ പോലിസ് തന്നെയായി തുടരുകയാണ്.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനില്‍ മാസങ്ങള്‍ക്കു മുമ്പ് ഒരു യുവാവിനെ പോലിസ് മര്‍ദിച്ചു തടഞ്ഞുവച്ചു. പോലിസിനു മുന്‍വൈരാഗ്യമുണ്ട് എന്നതല്ലാതെ ഒരു കുറ്റവും ഇയാള്‍ ചെയ്തിരുന്നില്ല. അത്തരത്തിലൊരു പരാതിയുമില്ല. അന്വേഷിച്ചെത്തിയ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇങ്ങനെ ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല എന്നായിരുന്നു മറുപടി. കോടതി പിരിയാന്‍ നേരം വിഷയം മജിസ്‌ട്രേറ്റിനു മുന്നിലെത്തി. വിഷയം കേട്ട കോടതി എസ്‌ഐയെ വിളിച്ചു കാര്യം തിരക്കി. ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞ മറുപടി തന്നെ പോലിസ് ആവര്‍ത്തിച്ചു. മറുപടിയില്‍ വിശ്വാസം വരാതിരുന്ന മജിസ്‌ട്രേറ്റ് സ്ഥലത്തുണ്ടായിരുന്ന ഒരു അഭിഭാഷകനെ കമ്മീഷനായി നിയമിക്കുകയും പോലിസ് സ്‌റ്റേഷനില്‍ നേരിട്ടു പോയി പരിശോധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സ്‌റ്റേഷനില്‍ എത്തിയ കമ്മീഷന്‍ കണ്ടത് ലോക്കപ്പിനകത്ത് മര്‍ദനമേറ്റ് തളര്‍ന്നുകിടക്കുന്ന യുവാവിനെയാണ്. ഈ പോലിസ് സ്‌റ്റേഷന്റെ ഭിത്തിയിലും അറസ്റ്റ് സംബന്ധിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച 11 കല്‍പനകള്‍ പതിഞ്ഞുകിടന്നിരുന്നു.
ക്രിമിനല്‍ നടപടി നിയമവും ഭരണഘടനാ അവകാശങ്ങളും കരിമ്പിന്‍തോട്ടത്തിലെ ആനകളെപ്പോലെ മെതിച്ചുകളയുന്നതു കണ്ടാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് സുപ്രിംകോടതി അറസ്റ്റ് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഡി കെ ബസുവും പശ്ചിമ ബംഗാള്‍ സംസ്ഥാനവും തമ്മില്‍ നടന്ന കേസില്‍ 1996ലാണ് സുപ്രധാനമായ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രിംകോടതി പുറപ്പെടുവിച്ചത്. ഈ നിര്‍ദേശപ്രകാരം പോലിസിന് ഒരാളെയും അനധികൃതമായി തടഞ്ഞുവയ്ക്കാനാവില്ല എന്നു മാത്രമല്ല, ഒരു പൗരന്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ അറസ്റ്റിനു വിധേയരാവുന്നവര്‍ക്ക് ലഭിക്കുകയും ചെയ്യും.
1996ല്‍ സുപ്രിംകോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചെങ്കിലും കേരളത്തിലെ പോലിസ് സ്‌റ്റേഷനുകളില്‍ വിവിഐപി അറസ്റ്റുകളില്‍ ഒഴികെ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. സംസ്ഥാന പോലിസ് മേധാവിയായി വിരമിച്ച ജേക്കബ് പുന്നൂസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണവിഭാഗം തലവനായിരിക്കെ സംസ്ഥാനത്തെ മുഴുവന്‍ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നും ഡി കെ ബസു-വെസ്റ്റ് ബംഗാള്‍ കേസിലെ സുപ്രിംകോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിനു പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് അദ്ദേഹത്തിനു ലഭ്യമാക്കിയ മറുപടി, ഡി കെ ബസു, വെസ്റ്റ് ബംഗാള്‍ എന്ന പേരിലുള്ള ആരെയും ഈ സ്റ്റേഷനില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ്! അറിയപ്പെടുന്ന വിവരാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഡി ബി ബിനു തന്റെ 'വിവരാവകാശ നിയമം' എന്ന പുസ്തകത്തില്‍ സരസമായി ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ി

(അവസാനിച്ചു.)

Next Story

RELATED STORIES

Share it