Kerala

നിയമം ലംഘിച്ച് സ്വകാര്യ റിസോര്‍ട്ടിലേക്ക് റോഡ്; റവന്യൂ മന്ത്രി റിപോര്‍ട്ട് ആവശ്യപ്പെട്ടു

നിയമം ലംഘിച്ച് സ്വകാര്യ റിസോര്‍ട്ടിലേക്ക് റോഡ്; റവന്യൂ മന്ത്രി റിപോര്‍ട്ട് ആവശ്യപ്പെട്ടു
X
IDK_chinnakkanal_resrt_road

സി എ സജീവന്‍

തൊടുപുഴ: ചിന്നക്കനാലില്‍ കൈയേറ്റക്കാരില്‍ നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലൂടെ സ്വകാര്യ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതു സംബന്ധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. ദേവികുളം ആര്‍ഡിഒ സബിന്‍ സമദിനോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നു മന്ത്രി തേജസിനോട് പറഞ്ഞു.
അനധികൃത റോഡിന്റെ ചിത്രം സഹിതം തേജസ് ഈ മാസം 10നു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു മന്ത്രിയുടെ ഇടപെടല്‍. ഇക്കഴിഞ്ഞദിവസം ഔദ്യോഗിക യോഗത്തിനെത്തിയ ആര്‍ഡിഒക്ക് പത്രക്കട്ടിങും മന്ത്രിയുടെ ഓഫിസില്‍ നിന്നു നല്‍കി. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഉടുമ്പഞ്ചോല തഹസില്‍ദാരോട് ഇക്കാര്യത്തില്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടതായി ആര്‍ഡിഒ അറിയിച്ചു. ഇന്നോ നാളെയോ റിപോര്‍ട്ട് ലഭിക്കും.
മൂന്നാര്‍ ദൗത്യസംഘം ആദ്യം ഏറ്റെടുത്ത ചിന്നക്കനാലിലെ ക്ലൗഡ് നയന്‍ റിസോര്‍ട്ട് വക ഭൂമിയിലൂടെയാണു തൊട്ടടുത്ത സ്വകാര്യ റിസോര്‍ട്ട് ഭൂമിയിലേക്ക് റോഡ് നിര്‍മിച്ചുനല്‍കിയത്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ വക ഭൂമിയാണ് ഇത്. സിപിഎം ഏരിയാ നേതാവ് ഇടനിലക്കാരനായി റവന്യൂ- പഞ്ചായത്ത് ഉദ്യോഗസ്ഥരെ വിലയ്‌ക്കെടുത്താണു വില്ലേജ് ഓഫിസറുടെ അധീനതയിലുള്ള ഭൂമി റോഡിനായി റിസോര്‍ട്ട് മാഫിയയ്ക്കു വിട്ടുകൊടുത്തതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
അതേസമയം, ഈ ഭൂമിയിലെ റോഡ് നിര്‍മാണം സംബന്ധിച്ചു ജില്ലാ കലക്ടര്‍ക്കു നല്‍കിയ റിപോര്‍ട്ടിന്‍മേല്‍ യഥാസമയം നടപടിയുണ്ടായില്ലെന്നും വിവരം ലഭിച്ചു. രണ്ടു തവണ അനധികൃത റോഡ് നിര്‍മാണത്തെക്കുറിച്ചറിയിച്ചിട്ടും ജില്ലാ ഭരണകൂടം ഇടപെട്ടില്ല. ഏപ്രില്‍ 21നാണ് ഇതുസംബന്ധിച്ച ആദ്യ കത്ത് ഉടുമ്പഞ്ചോല അഡീഷനല്‍ തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്കയച്ചത്. എന്നാല്‍ ഈ കത്തിന്‍മേല്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് ഈ മാസം രണ്ടിനും ജില്ലാ കലക്ടര്‍ക്ക് റിമൈന്‍ഡര്‍ അയച്ചിരുന്നു. റിസോര്‍ട്ട് മാഫിയയ്ക്ക് കോടികള്‍ ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്നതാണ് റോഡ്. സര്‍ക്കാര്‍ ഭൂമിയിലൂടെ ഒന്നരക്കിലോമീറ്ററോളം റോഡ് നിര്‍മിച്ച വാര്‍ത്ത പുറത്തുവന്നിട്ടും ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരോടു വിശദീകരണം ചോദിച്ചിട്ടില്ല.

[related]
Next Story

RELATED STORIES

Share it