malappuram local

നിയമം ലംഘിച്ച് സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി



മഞ്ചേരി: നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേ മഞ്ചേരിയില്‍ ട്രാഫിക് പോലിസ് നടപടി തുടങ്ങി. ഓട്ടോ പാര്‍ക്കിങില്‍ നിര്‍ത്താതെ നഗരത്തില്‍ കറങ്ങി നടന്ന് യാത്രക്കാരെ കയറ്റുന്ന 25 വാഹനങ്ങള്‍ പോലിസ് പിടികൂടി. ഇതില്‍ മൂന്നെണ്ണത്തിന് നഗരത്തില്‍ സര്‍വീസ് നടത്തുന്നതിന് അനുമതിയില്ലാത്തവയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും അനധികൃത സര്‍വീസിനെതിരേ ഓട്ടോ തൊഴിലാളികള്‍ പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് പോലിസിന്റെ ഇടപെടല്‍. പിടികൂടിയ ഓട്ടോറിക്ഷകള്‍ക്ക് പിഴ ചുമത്തിയ ശേഷം വിട്ടയച്ചു. ശക്തമായ താക്കീതും നല്‍കി. അനധികൃത സര്‍വീസിനെതിരേ നടപടി ഇനിയും ശക്തമാക്കുമെന്നും ഒരിക്കല്‍ പിടിച്ച ഓട്ടോറിക്ഷകള്‍ വീണ്ടും പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പെര്‍മിറ്റ് റദ്ദാക്കലടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ട്രാഫിക് എസ്‌ഐ ജാബിര്‍ പറഞ്ഞു. പാറ്റലെന്ന വിളിപ്പേരില്‍ അനധികൃത ഓട്ടോ സര്‍വീസ് മഞ്ചേരിയില്‍ വ്യാപകമാവുന്നത് ‘തേജസ്’ റിപോര്‍ട്ട് ചെയ്തിരുന്നു. നിയമാനുസരണം അനുവദിച്ച ഇടങ്ങളില്‍ നിര്‍ത്താതെ നഗരത്തില്‍ കറങ്ങി യാത്രക്കാരെ കയറ്റിപോവുന്നതാണ് പാറ്റലിന്റെ രീതി. ഇങ്ങനെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളില്‍ മിക്കവയ്ക്കും പെര്‍മിറ്റില്ല. മാത്രവുമല്ല, മറ്റു പ്രദേശങ്ങളില്‍ സര്‍വീസ് നടത്താന്‍ അനുമതിയുള്ള ഓട്ടോറിക്ഷകള്‍ നഗരത്തിലെത്തി അനധികൃത സര്‍വീസിലേര്‍പ്പെടുന്നതും പതിവാണ്. വ്യവസ്ഥാപിത രീതിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളാണ് ഇതുമൂലം വലയുന്നത്. ഗതാഗത നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഓട്ടോറിക്ഷകളുടെ അനധികൃത പാറ്റല്‍. സ്വകാര്യ ബസ്സുകള്‍ സ്റ്റാന്റിനു പുറത്ത് യാത്രക്കാരെ ഇറക്കുന്ന ഭാഗങ്ങളിലാണ് ഇത്തരം ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിക്കുന്നത്. ഇത് വലിയതോതില്‍ ഗതാഗതക്കുരുക്കിനും വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് മഞ്ചേരി ട്രാഫിക് പോലിസ് നടപടികളാരംഭിച്ചത്. അനധികൃത ഓട്ടോ സര്‍വീസിനു തടയിടണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി സംഘടനകള്‍ നേരത്തെയും രംഗത്തുവന്നിരുന്നു. പരാതി ഉയരുമ്പോള്‍ മാത്രം നടക്കുന്ന പരിശോധനയില്‍ ഏതാനും ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടിയുണ്ടാവുന്നതില്‍ കവിഞ്ഞ് ഇതു തടയാന്‍ കാര്യക്ഷമമായ നിരീക്ഷണ സംവിധാനം നഗരത്തിലില്ല.ട്രാഫിക് എസ്‌ഐക്കൊപ്പം സബ്ഇന്‍സ്‌പെക്ടര്‍മാരായ സുബ്രഹ്മണ്യന്‍, മുഹമ്മദ്, സിവില്‍ പോലീസ് ഓഫാസര്‍മാരായ സജീര്‍, ഉണ്ണികൃഷ്ണന്‍, അരുണ്‍, നിഷാദ്, സതീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it