kozhikode local

നിയമം ലംഘിച്ച് പരീക്ഷ എഴുതാന്‍ സിന്‍ഡിക്കേറ്റ് അനുമതി നല്‍കി

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയില്‍പ്പെട്ടവരാണെങ്കില്‍ കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ പരീക്ഷ എഴുതാമെന്ന വിചിത്രമായ ഉത്തരവിറക്കി ചരിത്രത്തില്‍ ഇടം നേടി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമ സമരങ്ങള്‍ നടന്ന പൊന്നാനി എംഇഎസ് കോളജില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. 15 എസ്എഫ്‌ഐക്കാരെ സസ്‌പെന്റ് ചെയ്യുകയും പതിനൊന്നു പേരെ ഡിസ്മിസ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഗസ്തില്‍ തുടങ്ങിയ സമരം ഒരു മാസത്തിലധികം നീണ്ടു നിന്നു. പരീക്ഷ എഴുതുന്നതിനുള്ള കണ്ടോണബിള്‍ പരിധി 65 ശതമാനമാണെന്നിരിക്കെ ഇരുപത് ശതമാനം പോലും ഹാജര്‍ ഇല്ലാത്തവര്‍ക്കും പരീക്ഷക്ക് അപേക്ഷ പോലും നല്‍കാത്തവര്‍ക്കും ഇതോടെ പരീക്ഷ എഴുതാം. പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും അഭിപ്രായങ്ങള്‍ മാനിക്കാതെ കോടതിയെപോലും വെല്ലുവിളിച്ചാണ്  കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ തുടങ്ങിയ ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിന് സിന്‍ഡിക്കേറ്റ് യോഗം അനുമതി നല്‍കിയത്. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം പരീക്ഷാ കണ്‍ട്രോളര്‍ സ്‌പെഷ്യല്‍ ഉത്തരവിറക്കിയാണ് പരീക്ഷക്ക് അനുമതി നല്‍കിയത്. കണ്ടോണേഷന്‍ ഇല്ലെന്നതിന്റെ പേരില്‍ നിരവധി വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത സര്‍വകലാശാലയാണ്  നിയമങ്ങള്‍ കാറ്റില്‍ പറത്തി പൊന്നാനി എംഇഎസ് കോളജ് ഉള്‍പ്പടെ വിവിധ കോളജുകളില്‍ അക്രമ സമരത്തില്‍ പ്രതികളായ എസ്എഫ്‌ഐ ക്കാര്‍ക്കു മാത്രം പരീക്ഷയെഴുതാന്‍ സിന്‍ഡിക്കേറ്റ് ഒറ്റക്കെട്ടായി തീരുമാനമെടുത്ത് ഉത്തരവിറക്കിയിരിക്കുന്നത്. സമരത്തില്‍ പ്രതികളായവര്‍ സര്‍വകലാശാലയില്‍ നിന്ന് ഫാക്‌സ് വഴി ഉത്തരമെഴുതുന്നതിന് മുമ്പ് കോളജ് ഓഫിസിലെത്തി ഉത്തരവിനെപ്പറ്റി അന്വേഷിച്ചപ്പോഴാണ് സര്‍വകലാശാലയുടെ അന്തസ് തകര്‍ത്ത് സിപിഎം നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് അക്രമികള്‍ക്ക് വീണ്ടും സൗകര്യം ചെയ്തിരിക്കുന്ന വിവരം അറിഞ്ഞതെന്നാണ് പൊന്നാനി കോളജിലെ അധ്യാപകരുടെ പ്രതികരണം.
Next Story

RELATED STORIES

Share it