kozhikode local

നിയമം ലംഘിച്ചുള്ള നിര്‍മാണം: ജില്ലാ ഭരണകൂടം കര്‍ശന നടപടിക്ക്

കോഴിക്കോട്: ജില്ലയില്‍ നിയമാനുസൃതമല്ലാത്ത എല്ലാ നിര്‍മാണപ്രവൃത്തികള്‍ക്കെതിരേയും കര്‍ശന നടപടിയുമായി മുന്നോട്ടുപോവുമെന്ന് കലക്ടര്‍ യു വി ജോസ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി കലക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നഗരത്തില്‍ വ്യാഴാഴ്ച്ച ഉണ്ടായ അപകടത്തെതുടര്‍ന്ന് രണ്ട് ഇതരസംസ്ഥാനതൊഴിലാളികള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് കലക്ടറുടെ ശക്തമായ ഇടപെടല്‍.
ചട്ടങ്ങള്‍ പാലിക്കാതെ ജില്ലയില്‍ പലയിടത്തും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സംശയിക്കുന്നുണ്ട്.  നിലവില്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കെട്ടിടങ്ങളും പരിശോധിച്ച് ഒരാഴ്ച്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അതത് തദ്ദേശ ഭരണസ്ഥാപനങ്ങളെ ചുമതലപ്പെടുത്തിക്കൊണ്ട് കലക്ടര്‍ ഉത്തരവിട്ടു. അപകടത്തെതുടര്‍ന്ന് തൊട്ടടുത്ത കെട്ടിടങ്ങളിലെ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം സാഹചര്യം തുടര്‍ന്നും ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. കെട്ടിട നിര്‍മാണസ്ഥലങ്ങളില്‍ തൊഴിലാളികളുടെ എണ്ണവും പേരുവിവരങ്ങളും രേഖപ്പെടുത്തുന്നുണ്ടോ, മതിയായ സുരക്ഷാഉപകരണങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാവുന്നുണ്ടോ എന്നെല്ലാം പരിശോധിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ നാട്ടിലെത്തിക്കുന്നതിന് നടപടി എടുത്തിട്ടുണ്ട്. ഇതിനായി ബീഹാറിലെ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പ് നടത്തിയതായും കലക്ടര്‍ പറഞ്ഞു.
മരിച്ചവര്‍ക്ക് നഷ്ടപരിഹാരതുക നല്‍കുമെന്ന് കരാറുകാര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തി ല്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കുന്നുണ്ട്. അപകടത്തി ല്‍ പരുക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന് നടപടി കൈക്കൊള്ളുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി. ഡപ്യൂട്ടികലക്ടര്‍ (ഡിഎം) കൃഷ്ണന്‍കുട്ടി, അസി. ടൗണ്‍ പ്ലാനര്‍ അബ്ദുല്‍ മാലിക്, ഡിവിഷണല്‍ ഫയര്‍ ഓഫിസര്‍ രജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it