Flash News

നിയമം പിണറായിയുടെ വഴിക്ക് പോവുന്നു : ചെന്നിത്തല



മലപ്പുറം: നിയമം നിയമത്തിന്റെ വഴിക്കല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ വഴിക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ നിയമലംഘകരെ ഇത്രത്തോളം സഹായിച്ച മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ഒരു നീതിയും പാവപ്പെട്ടവര്‍ക്ക് മറ്റൊരു നീതിയുമാണിപ്പോള്‍ കേരളത്തില്‍. കള്ളമുതലിന്റെ പങ്കുസൂക്ഷിക്കുന്ന മുന്നണിയായി എല്‍ഡിഎഫ് മാറിയെന്നും മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ ഏല്‍പ്പിക്കുകയായിരുന്നു ഇതിലും ഭേദം. എന്നാല്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നു കരുതിയെങ്കിലും റിപോര്‍ട്ടില്‍ കുറച്ചു നീതി ലഭിക്കുമായിരുന്നു. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് പാര്‍ട്ടി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു ശേഷം നിയമ നടപടികള്‍ ആലോചിക്കും. സോളാര്‍ റിപോര്‍ട്ട് പുറത്തുവന്നതിനു ശേഷം പടയൊരുക്കത്തില്‍ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിച്ചിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടു ജനത്തിനുള്ള വെറുപ്പാണ് ഇതുകാണിക്കുന്നത്. റേഷന്‍ കടകളിലൂടെ 20 ലക്ഷം പേര്‍ക്ക് ചുരുങ്ങിയ വിലയില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അരി വിതരണം ചെയ്തിരുന്നു. എന്നാല്‍ ഈ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം ഈ സര്‍ക്കാര്‍ കുറച്ചിരിക്കുന്നു. മദ്യഷോപ്പുകളില്‍ ക്യൂ കുറഞ്ഞതുപോലും സംസ്ഥാനസര്‍ക്കാരിന്റെ നേട്ടമായി ഒരു മന്ത്രി ഉയര്‍ത്തിക്കാട്ടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കേരളജനതയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it