kozhikode local

നിയമം ക്രിമിനലുകളുടെ വഴിക്ക് നീങ്ങുന്നു: ഉമ്മന്‍ ചാണ്ടി

വടകര: നിയമം ക്രിമിനലുകളുടെ വഴിക്ക് നീങ്ങുന്നതിന് തെളിവാണ് ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ നടന്ന അക്രമങ്ങളെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാരണം ഈ മേഖലയില്‍ അക്രമം നടക്കുമ്പോള്‍ പോലിസ് കാഴ്ചക്കാരായി മാറുകയാണുണ്ടായത്. പോലിസ് ഫലപ്രദമായ ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍ ഏകപക്ഷീയമായ ആക്രമണത്തിന് ഈ പ്രദേശം സാക്ഷിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ ആര്‍എംപി പ്രവര്‍ത്തകരുടെ തകര്‍ക്കപ്പെട്ട വീടുകളും, കടകളും സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന് ഇരയായവര്‍ക്ക് സംരക്ഷണം നല്‍കാത്ത പോലിസ്, ഇരകളെ തന്നെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസില്‍ പ്രതി ചേര്‍ക്കുകയാണുണ്ടായത്. ആക്രമണത്തിന് നേതൃത്വം കൊടുത്തവര്‍ക്ക് ഒരു കേസ് പോലും ഇല്ല. ഇത് നിയമവാഴ്ചയുടെ തകര്‍ച്ചയെയാണ് അടയാളപ്പെടുത്തുന്നത്. പോലിസ് ക്രിമിനലുകളെ ഭയക്കുകയാണ്. നാദാപുരം ഷിബിന്‍ വധവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കാന്‍ അന്നത്തെ യുഡിഫ് സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ ക്രൂരമായ ആക്രമണത്തിന് ഇരയാവുകയും, സ്വത്ത് സമ്പാദ്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത ഒഞ്ചിയത്തെ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും, ഇത് ലഭിക്കുന്നതില്‍ പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലെ ഷുഹൈബ് വധവും, ഒഞ്ചിയത്തെ അക്രമവും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എംഎം ഹസന്‍ ആരോപിച്ചു. ഈ രണ്ട് സംഭവങ്ങളും ഒരേ സമയങ്ങളിലാണ് നടക്കുന്നത്.
നേതൃത്വങ്ങളുടെ ഗൂഢാലോനയുടെ ഭാഗമാണ് അക്രമം നടന്നതെന്നും ഇത് അന്വേഷിക്കണമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഉമ്മന്‍ ചാണ്ടിയും സംഘവും സന്ദര്‍ശനത്തിനായി ഇവിടെ എത്തിയത്. കെപിസിസി സെക്രട്ടറി ശൂരനാട് രാജശേഖരന്‍, തമ്പാനൂര്‍ രവി, ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ അഭിജിത്ത്, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. ഐ മൂസ, കോട്ടയില്‍ രാധാകൃഷ്ണന്‍, ബാബു ഒഞ്ചിയം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it