wayanad local

നിയന്ത്രണങ്ങളുമായി പോലിസ്‌

കല്‍പ്പറ്റ: ശബരിമല തീര്‍ത്ഥാടനം, ക്രിസ്മസ് അവധി എന്നിവ പ്രമാണിച്ച് താമരശ്ശേരി ചുരത്തിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതിനാല്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലിസ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് ചുരംവഴി യാത്ര ചെയ്യുന്നവര്‍ നാലും അഞ്ചും മണിക്കൂറുകള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി ഇരു ജില്ലകളില്‍ നിന്നുമുള്ള ചരക്കു വാഹനങ്ങള്‍ കുറ്റിയാടി ചുരം ഉപയോഗിക്കണമെന്നും ജില്ലാ പോലിസ് മേധാവി നിര്‍ദേശിച്ചു.
അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോവുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇത്തരത്തില്‍ ചുരത്തില്‍ കുടുങ്ങുന്നതു പതിവായിട്ടുണ്ട്. ചുരത്തിന്റെ ശോച്യാവസ്ഥയാണ് കാരണം. ഇതൊഴിവാക്കാന്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗങ്ങളില്‍ നിന്നു വരുന്ന ചരക്കുവാഹനങ്ങള്‍ താമരശ്ശേരി ചുരം വഴിയുള്ള യാത്ര ഒഴിവാക്കാന്‍ വേണ്ടതു ചെയ്യണം. ഇതേ രീതിയില്‍ തന്നെ കോഴിക്കോട് ഭാഗത്തുനിന്നു താമരശ്ശേരി വഴി വയനാട്ടിലേക്ക് വരുന്ന ചരക്കുവാഹനങ്ങളും താമരശ്ശേരി ചുങ്കം ജങ്ഷനില്‍ നിന്ന് ഉള്ളിയേരി-പേരാമ്പ്ര വഴി കുറ്റിയാടി ചുരം ഉപയോഗിച്ച് യാത്ര തുടരാന്‍ ശ്രദ്ധിക്കണം.
വയനാട്ടിലെ മൂന്നു ഡിവൈഎസ്പിമാരും തമരശ്ശേരി ഡിവൈഎസ്പിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് നിലവില്‍ ചുരത്തിലെ ഗതാഗത തടസ്സം പോലിസ് നേരിടുന്നത്. ചുരത്തിലെ പ്രശ്‌നപരിഹാരത്തിന് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പോലിസ് അഭ്യര്‍ഥിച്ചു. അതേസമയം, ചുരത്തിലെ ഗതാഗതക്കുരുക്ക് ഇന്നലെയും തുടര്‍ന്നു. പുലര്‍ച്ചെ മൂന്നിനു തുടങ്ങിയ കുരുക്കഴിക്കാന്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലിസും ഏറെ പണിപ്പെട്ടു. ഏഴ്, എട്ട് വളവുകളിലൂടെ  വലിയ വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് കടന്നുപോയത്. രാത്രി വൈകിയും വാഹനങ്ങള്‍ ചുരത്തിലൂടെ ഇഴഞ്ഞാണു നീങ്ങിയത്.
Next Story

RELATED STORIES

Share it