Flash News

നിപ: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം;ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍

നിപ: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം;ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍
X
മുക്കം: സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നിന്ന് പനി പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് മുക്കം മണാശ്ശേരിയിലെ ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയിലെ ഓഫീസ് അറ്റന്‍ഡറെയാണ്  സസ്‌പെന്‍ഡ് ചെയ്തത്.  നിപ പ്രതിരോധ മരുന്നെന്ന പേരിലാണ് ഇവിടെ നിന്ന് ഗുളികള്‍ വിതരണം ചെയ്തത്



നിപാ പ്രതിരോധ മരുന്ന് എന്ന നിലയില്‍ വിതരണം ചെയ്ത മരുന്നു കഴിച്ചവര്‍ക്കാണ് തലവേദന, തലകറക്കം, ശരീരവേദന എന്നിവ അനുഭവപ്പെട്ടത്. മണാശ്ശേരി സ്വദേശി വിനോദും കുടുംബവുമാണ് പ്രതിരോധ മരുന്ന് കഴിച്ച് ദുരിതത്തിലായത്. നിപാ പകരുന്നത് വവ്വാലുകളില്‍ കൂടിയാണെന്ന് പ്രചാരണം വന്നതോടെ ജനങ്ങള്‍ വലിയ ആശങ്കയിലായിരുന്നു. മുതുക്കുറ്റി ഭാഗത്ത് ഒരു മരത്തില്‍ നിരവധി വവ്വാലുകള്‍ ഉള്ളതിനാല്‍ നിരവധി പേരാണ് ദിവസവും ആശുപത്രികളിലെത്തുന്നത്. മണാശ്ശേരി ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നിപാ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതായി കാണിച്ച് നോട്ടീസും പതിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഡിസ്‌പെന്‍സറിയില്‍ ഡോക്ടര്‍മാരില്ലാത്ത സമയത്ത് ഇവിടുത്തെ ജീവനക്കാരാണ് മരുന്ന് നല്‍കിയത്. മുതിര്‍ന്നവര്‍ക്ക് 4 ഗുളിക വീതം 2 നേരം കഴിക്കാനായിരുന്നു നിര്‍ദേശം. സംഭവം വിവാദമായതോടെ നഗരസഭ ആരോഗ്യ വിഭാഗം ഡിസ്‌പെന്‍സറിയിലെത്തി പരിശോധന നടത്തി നോട്ടീസ് എടുത്തു മാറ്റി. നിപായ്ക്ക് പ്രതിരോധ മരുന്നുകള്‍ ഹോമിയോപ്പതിയില്‍ ഇല്ലെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസറും ആരോഗ്യ വകുപ്പ് മന്ത്രിയും ആവര്‍ത്തിക്കുമ്പോഴാണ് ജില്ലയില്‍ വ്യാപകമായി പ്രതിരോധം എന്നനിലയില്‍ മരുന്നു നല്‍കിയത്. മുക്കം നഗരസഭ, മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ വന്‍ തോതില്‍ പ്രതിരോധ മരുന്നുകള്‍ നല്‍കിയത്്്. സോഷ്യല്‍ മീഡിയ വഴി വലിയ തോതില്‍ പ്രതിരോധ മരുന്ന് വിതരണം പ്രചരിച്ചതോടെ നിരവധി പേര്‍ മരുന്ന് വാങ്ങാനായി ഹോമിയോ ഡിസ്‌പെന്‍സറികളിലെത്തുന്നുണ്ട്. അതേസമയം പ്രതിരോധ മരുന്ന് നല്‍കണമെന്നതിനെ സംബന്ധിച്ച് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ജില്ലാ  ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. കവിതാ പുരുഷോത്തമന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it