നിപ വൈറസ്: മലപ്പുറത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കും

മലപ്പുറം: നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയില്‍ രോഗികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലപ്പുറത്തെ മൂന്ന് മരണങ്ങള്‍ നിപ മൂലമാണെന്ന് ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. ഭയപ്പെടുകയല്ല,  മുന്‍കരുതലെടുക്കുകയാണു വേണ്ടതെന്ന് കലക്ടര്‍ പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സ്വകാര്യ ആശുപത്രികള്‍, സാമൂഹിക ആരോഗ്യ വിഭാഗം, ഐഎംഎ, വകുപ്പുതല മേധാവികള്‍ എന്നിവരുടെ അടിയന്തര യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. കൂടാതെ ഡിഎംഒയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പിഎച്ച്‌സികളിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെയും സുപ്രണ്ടുമാരുടെയും വെറ്ററിനറി ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ജില്ലാ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ കിറ്റുകളും മാസ്‌ക്കുകളും നല്‍കും. സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ഐഎംഎ വഴി നിപ വൈറസിനെതിരേ ജാഗ്രതാ നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
തെന്നല, മൂന്നിയൂര്‍, ചട്ടിപ്പറമ്പ് എന്നിവിടങ്ങളില്‍ പകര്‍ച്ചപ്പനി പിടിപ്പെട്ടു രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ തുടങ്ങാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
സംശയാസ്പദമായ കേസുകളില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുകയാണെങ്കില്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടതില്ല. താലൂക്ക് ആശുപത്രികളില്‍ ഉടന്‍ പനി ക്ലിനിക്കുകള്‍ തുടങ്ങും. അവധിയിലുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഡിഎംഒ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it