നിപ വൈറസിനെ തടയാനുള്ള നടപടികള്‍ സ്വീകരിച്ചു: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് റിപോര്‍ട്ട് ചെയ്ത നിപ വൈറസ് ബാധ ഫലപ്രദമായി തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ല. പ്രതിരോധ നടപടികള്‍ ഫലപ്രദമായി നടന്നുവരുന്നുവെന്നു മന്ത്രി പറഞ്ഞു.
എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജിത്കുമാര്‍ സിങ്, അഡീഷനല്‍ ഡയറക്ടര്‍ ഡോ. എസ് കെ ജെയിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം പ്രദേശം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രോഗം കണ്ടുപിടിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രോഗ വ്യാപനം തടയുന്നതിനും ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ കേന്ദ്രസംഘം അഭിനന്ദിച്ചു.
കോഴിക്കോട് ചങ്ങരോത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരണപ്പെടാനിടയായത് നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാലാമത്തെയാളായ ചങ്ങരോത്ത് മൂസയ്ക്കും നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചു. സാധാരണയായി പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ട വവ്വാലുകളാണ് ഈ വൈറസ് പരത്തുന്നതെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇതിന്റെ ലക്ഷണങ്ങള്‍ നോക്കിയാണു നിപയാണെന്ന് സംശയിക്കുന്നത്. ബലക്ഷയം, ബോധക്ഷയം, പരസ്പര ബന്ധമില്ലാതെ സംസാരിക്കല്‍, അപസ്മാര ലക്ഷണങ്ങള്‍, ഛര്‍ദി തുടങ്ങിയവയാണ് കാണുന്നത്. ഈ രോഗലക്ഷണങ്ങളുള്ള രോഗികളില്‍ നിന്നുള്ള സാംപിളുകള്‍ വൈറോളജി ലാബില്‍ പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കി മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.
രോഗിയുമായി സമ്പര്‍ക്കമുള്ളപ്പോള്‍ മാത്രമേ ഇതു പകരുകയുള്ളൂ എന്നതിനാല്‍ ഇപ്പോള്‍ അസുഖം സ്ഥിരീകരിച്ചവരുമായി ഇടപഴകിയിരുന്ന എല്ലാവരെയും സ്‌ക്രീനിങിന് വിധേയമാക്കിയിട്ടുണ്ട്. അവരുടെ രക്തസാംപിളുകളും മറ്റും മണിപ്പാല്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതിരോധ നടപടികളും ഊര്‍ജിതപ്പെടുത്തി.
മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധ ഡോക്ടര്‍ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം രോഗബാധിത വീടും പ്രദേശവും സന്ദര്‍ശിച്ച് വിശദമായ പരിശോധന നടത്തി ചുറ്റുമുള്ള വീടുകളും നിരീക്ഷണ വിധേയമാക്കി. രോഗബാധ ഈ വീടു കേന്ദ്രീകരിച്ചാണെന്നും മറ്റ് വീടുകളിലേക്കു ബാധിച്ചിട്ടില്ലെന്നും ഉറപ്പാക്കി. നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശ പ്രകാരം കര്‍ശനമായ നടപടിക്രമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഭയമല്ല ജാഗ്രതയാണു വേണ്ടതെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it