Flash News

നിപ ഭീതിയില്‍ പേരാമ്പ്ര ആശുപത്രി നഴ്‌സുമാരെ ഒറ്റപ്പെടുത്തുന്നതായി പരാതി

നിപ ഭീതിയില്‍ പേരാമ്പ്ര ആശുപത്രി നഴ്‌സുമാരെ ഒറ്റപ്പെടുത്തുന്നതായി പരാതി
X


കോഴിക്കോട്: നിപ വൈറസ് ബാധയേല്‍ക്കുമെന്ന് ഭീതിയില്‍പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സുമാരെ നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തുന്നതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. തങ്ങളെ ബസിലും ഓട്ടോറിക്ഷയിലും കയറ്റാന്‍ സമ്മതിക്കുന്നില്ലെന്നും വീട്ടിലുള്ളവര്‍ പോലും അകലം പാലിക്കുന്നെന്നുമാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നേരത്തേ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് നിപ വൈറസ് ബാധമൂലം ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണമടഞ്ഞതിന് പിന്നാലെ ഇവരെ ചികിത്സിച്ച നഴ്‌സ് ലിനിയും മരിച്ചതോടെയാണ് നാട്ടുകാര്‍ ആശുപത്രിയില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും അകലം പാലിക്കുന്നത്. കുടുംബത്തിലെ നാലാമത്തെയാള്‍ ഇന്ന് മരണത്തിന് കീഴടങ്ങി.
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമായ സാഹചര്യത്തില്‍ സ്വന്തം വീട്ടുകാര്‍ പോലും വീട്ടില്‍ കയറ്റാന്‍ മടിക്കുന്നെന്നാണ് നഴ്‌സുമാരുടെ ആരോപണം. പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയില്‍ 11 സ്ഥിരം നഴ്‌സുമാരും അഞ്ച് എന്‍ആര്‍എച്ച് നഴ്‌സുമാരുമാണ് ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന മൂന്ന് കരാര്‍ നഴ്‌സുമാരും വരാതായി. നിപ വൈറസിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ആശുപത്രിയിലേക്ക് രോഗികള്‍ പോലും വരാത്ത സാഹചര്യമാണ്. സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ പ്രചരണങ്ങളാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നഴ്‌സുമാര്‍ പറയുന്നു. തെറ്റിദ്ധാരണ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ പ്രവര്‍ത്തരകരുടെയും ആശാവര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. ജീവനക്കാരെ ഒറ്റപ്പെടുത്താതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുംആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ബോധവത്കരണം നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി ജയശ്രീ അറിയിച്ചു.
Next Story

RELATED STORIES

Share it