Flash News

നിപ പടരുന്നു; തൃശൂരും കോട്ടയത്തും കണ്ണൂരിലും ജാഗ്രത

കോഴിക്കോട്: നിപാ വൈറസ്ബാധ മറ്റു ജില്ലകളിലേക്കും പടരുന്നു. നിപയാണെന്നു സംശയിച്ച് കോഴിക്കോട് കൂടാതെ കോട്ടയം, തൃശൂര്‍, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ആളുകള്‍ ചികില്‍സയിലുള്ളത്. കോഴിക്കോട് പേരാമ്പ്രയില്‍ നിന്നു കോട്ടയത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 45 വയസ്സുകാരനായ മാധ്യമപ്രവര്‍ത്തകനെയാണ് പനിയും ശ്വാസംമുട്ടലും മൂലം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ രക്തസാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാലിലെ ലാബിലേക്ക് ഉടന്‍ തന്നെ അയക്കും. പേരാമ്പ്രയില്‍ നിപാ രോഗം സ്ഥിരീകരിച്ച രോഗിയെ ഇയാള്‍ സന്ദര്‍ശിച്ചിരുന്നതായി ഡോക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്.
നിപ ബാധയെത്തുടര്‍ന്ന് കോഴിക്കോട്, തൃശൂര്‍ ജില്ലകളിലായി ചികില്‍സയിലുള്ളത് 18 പേരാണ്. ഇതില്‍ 17 പേരും കോഴിക്കോട്ടാണുള്ളത്.
അതിനിടെ, നിപ സംശയിച്ച് മലപ്പുറം ചങ്ങരംകുളം സ്വദേശിനിയായ യുവതി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്. ഇതോടെ തൃശൂര്‍ ജില്ലയിലും ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. നിപാ വൈറസ് ബാധിച്ചു മരിച്ച നാദാപുരം ചെക്യാട് സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. തലശ്ശേരി ആശുപത്രിയില്‍ അശോകനെ എത്തിച്ച ഡ്രൈവറെയും ചികില്‍സിച്ച നഴ്‌സിനെയും നിരീക്ഷണത്തിന്റെ ഭാഗമായി പ്രത്യേക വാര്‍ഡിലേക്കു മാറ്റി.
അതിനിടെ, നിപാ ബാധയെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടകയിലെ മംഗലാപുരത്ത് രണ്ടുപേര്‍ ചികില്‍സ തേടി. 20 വയസ്സുകാരിയും എഴുപത്തഞ്ചുകാരനുമാണ് ചികില്‍സ തേടിയത്. ഇരുവരും കേരളത്തിലെ നിപാ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it