Flash News

നിപ: ആസ്‌ത്രേലിയയില്‍ നിന്ന് മരുന്നെത്തിക്കാന്‍ ശ്രമം

നിപ: ആസ്‌ത്രേലിയയില്‍ നിന്ന് മരുന്നെത്തിക്കാന്‍ ശ്രമം
X
കോഴിക്കോട്: നിപാ വൈറസിനെതിരായ ഏറ്റവും ഫലപ്രദമായ മരുന്നായ എം102.4 എന്ന ഹ്യൂമന്‍ മോനോക്ലോണല്‍ ആന്റി ബോഡി ആസ്‌ത്രോലിയയില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമം. ക്യൂന്‍സ് ലാന്‍ഡില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിലൂടെ മാത്രമേ മരുന്ന് ഇന്ത്യയില്‍ എത്തിക്കാനാവു. ക്വീന്‍സ് ലാന്‍ഡ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞാല്‍ മരുന്ന് നല്‍കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.



ഇതിന്റെ അടിസ്ഥാനത്തില്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാരിനോടും ഇന്ത്യയിലെ ആസ്‌ത്രേലിയന്‍ സ്ഥാനപതിയോടും മരുന്ന് ലഭ്യമാക്കാനുള്ള സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.അതേസമയം, നിപാ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി ഇന്നലെ മരിച്ചു. രോഗം ബാധിച്ചു മരിച്ച സഹോദരങ്ങളുടെ പിതാവ് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ടിയില്‍ മൂസയാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. ചികില്‍സയിലായിരുന്ന ഒരാള്‍ക്കു കൂടി നിപാ ബാധ സ്ഥിരീകരിച്ചു. 160 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ വന്ന റിപോര്‍ട്ട് പ്രകാരമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് നിപ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 14 പേര്‍ക്കു നിപാ ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ മരിച്ചു.
ആദ്യം മരിച്ച വളച്ചുകെട്ടിയില്‍ മൂസയുടെ മകന്‍ മുഹമ്മദ് സാബിത്ത് വൈറസിന്റെ ആദ്യ വാഹകനാണെന്നു കരുതപ്പെടുന്നു. മെയ് 5ന് മരിച്ച സാബിത്തിന്റെ സ്രവം സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടില്ലാത്തതിനാല്‍ മരണം നിപാ വൈറസ്ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൂസയുടെ മറ്റൊരു മകന്‍ സ്വാലിഹും സഹോദരന്‍ വളച്ചുകെട്ടിയില്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയമും അതിനു പിന്നാലെ മരിച്ചിരുന്നു. മരിച്ചവരില്‍ നിപ സ്ഥിരീകരിച്ച എട്ടുപേര്‍ കോഴിക്കോട് ജില്ലയിലുള്ളവരും മൂന്നുപേര്‍ മലപ്പുറത്തുകാരുമാണ്. നിപാ ലക്ഷണങ്ങളോടെ സംസ്ഥാനത്ത് 33 പേരാണ് ചികില്‍സയിലുള്ളത്. കോഴിക്കോട്ട് 20ഉം മലപ്പുറത്ത് ആറും കൊച്ചിയില്‍ നാലും കോട്ടയത്ത് രണ്ടും തിരുവനന്തപുരത്ത് ഒരാളിലുമാണ് നിപാ ബാധ സംശയിക്കുന്നത്.
Next Story

RELATED STORIES

Share it