Flash News

നിപ്പ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് അടിയന്തര വിദഗ്ധ പരിശീലനം

നിപ്പ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് അടിയന്തര വിദഗ്ധ പരിശീലനം
X


തിരുവനന്തപുരം: നിപ്പ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക്  അടിയന്തര വിദഗ്ധ പരിശീലനം. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ
നിര്‍ദേശത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം സാധ്യമാക്കുന്നത്. നിപ്പയെപ്പോലെ ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗം ബാധിച്ചവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
അനസ്‌തേഷ്യ വിഭാഗത്തിലെ 2 ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്ടര്‍മാരും വീതമാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. നിപ്പ വൈറസ് പോലെയുള്ള ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗങ്ങളില്‍ തീവ്ര പരിചരണ വിഭാഗം എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യാം, ഇത്തരം കേസുകളില്‍ വെന്റിലേറ്ററുകളുടെ വിദഗ്ധ ഉപയോഗം എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പരിശീലനത്തില്‍ പ്രാധാന്യം നല്‍കുക. മേയ് 28 മുതല്‍ ജൂണ്‍ ഒന്നു വരെയായിരിക്കും പരിശീലനം. ഈ ഡോക്ടര്‍മാര്‍ ഞായറാഴ്ച ഡല്‍ഹിക്ക് യാത്ര തിരിക്കും.പരിശീലനം സിദ്ധിച്ച ഈ ഡോക്ടര്‍മാര്‍ കേരളത്തിലെ മറ്റ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും.
Next Story

RELATED STORIES

Share it