Flash News

നിപാ: 12 വരെ നിയന്ത്രണം


കോഴിക്കോട്: നിപാ വൈറസ്ബാധയില്‍ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഈ മാസം 12 വരെ നിയന്ത്രണം. ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് 12ലേക്ക് മാറ്റി. നിപാ വൈറസ്ബാധ രണ്ടാംഘട്ടത്തിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ തുറക്കുന്നത് നീട്ടുന്നതെന്ന് കലക്ടര്‍ യു വി ജോസ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വിദ്യാലയങ്ങള്‍ തുറക്കുന്നത് 12ലേക്ക് മാറ്റാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
ജില്ലയിലെ പൊതുപരിപാടികള്‍ക്കും 12 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറാം തിയ്യതി മുതല്‍ ഒമ്പതാം തിയ്യതി വരെ കോഴിക്കോട് ജില്ലയില്‍ നടത്താനിരുന്ന അഭിമുഖങ്ങള്‍ മാറ്റിവച്ചതായി പിഎസ്‌സിയും വ്യക്തമാക്കി. അതിനിടെ, നിപാ വൈറസ്ബാധയ്‌ക്കെതിരേ നിതാന്ത ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിന്റെ ഭാഗമായി നാളെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും.
അതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിപാ സംശയിക്കപ്പെടുന്നവരുടെ 193 ഫലങ്ങള്‍ പുറത്തുവന്നു. ഇതില്‍ 18 പേര്‍ക്കാണ് നിപാ സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര്‍ മരിച്ചു. നിപാ ബാധിച്ച രണ്ടു പേര്‍ക്ക് അസുഖം മാറിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. നിപാ ബാധിതരുമായി ഇടപഴകിയ 2004 പേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കു വേണ്ട ശാസ്ത്രീയ നിര്‍ദേശങ്ങള്‍ നല്‍കിവരുകയാണെന്നും മന്ത്രി പറഞ്ഞു. ആസ്‌ത്രേലിയന്‍ മരുന്ന് എത്തിയിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നുള്ള വിദഗ്ധര്‍ നാളെ കോഴിക്കോട്ടെത്തും. ഇവരുടെ പരിശോധനയ്ക്കു ശേഷമേ ഈ മരുന്ന് രോഗികള്‍ക്ക് നല്‍കൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച യുവതിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ തില്ലങ്കേരി സ്വദേശിനി റോജ(39)യാണ് മരിച്ചത്. രണ്ടാമതും രക്തപരിശോധന നടത്തി. ഇതിന്റെ ഫലവും നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. കൂത്തുപറമ്പ് നരവൂരിലെ ഭാസ്‌കരന്‍-ശാന്ത ദമ്പതികളുടെ മകളാണ് റോജ. ഹോട്ടല്‍ത്തൊഴിലാളിയായ ബാലനാണ് ഭര്‍ത്താവ്. മകള്‍: അയന (ഏഴാംക്ലാസ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: ഉമേഷ്, ബിജു, ശ്രീജ, ഷിജിന, സുരേഷ്. മൃതദേഹം വിട്ടുനല്‍കാതെ മാവൂര്‍റോഡ് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.





Next Story

RELATED STORIES

Share it