malappuram local

നിപാ: ഷോപ്പിങ് ആഘോഷങ്ങള്‍ നിയന്ത്രിക്കണം- ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയില്‍ നിപാ വൈറസ് വ്യാപനം സംബന്ധിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനാല്‍ റമദാന്‍ പ്രമാണിച്ച് കടകള്‍ കേന്ദ്രീകരിച്ച് കൂട്ടമായി നടത്തുന്ന ഷോപ്പിങ് ആഘോഷം പൊതുജനങ്ങള്‍ പരമാവധി കുറക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പലരും വസ്ത്രം വാങ്ങുന്നതിനായി കൂട്ടമായി എത്തി സ്ഥാപനങ്ങളില്‍ തിങ്ങിനിറയുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം അപരിചിതരുടെ ആള്‍ക്കൂട്ടം വലിയ പ്രശ്‌നമായി മാറുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിപാ വൈറസ് ആശങ്കയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നതിന് ജൂണ്‍ 11 വരെയെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. ഇതിനിടയില്‍ രോഗം വരാതെ നോക്കേണ്ടത് ഒരോരുരുത്തരുടെയും കടമയാണ്. ഇതില്‍ വീഴ്ചയുണ്ടായാല്‍ പ്രശ്‌നം ഗുരുതരമാവും. വൈറസ് വ്യപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ പൊതുപരിപാടികളും ഒഴിവാക്കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ സര്‍ക്കാര്‍ പരിപാടികള്‍ മുഴുവനും റദ്ദാക്കിയിട്ടുണ്ട്.
ഒഴിവാക്കാന്‍ പറ്റാത്ത ഔദ്യോഗിക പരിപാടികള്‍ മാത്രമാണ് നടക്കുന്നത്. ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മാലിന്യ സംസ്‌കരണം യഥാവിധി നടത്താത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ചുമത്താന്‍ കഴിയുന്ന പുതിയ ഉത്തരവ് ഉടന്‍ ഇറക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിപാ രോഗിയെ ആംബുലന്‍സ് വഴി ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവും ദേശീയ ആരോഗ്യ ദൗത്യം നല്‍കും. കലക്ടറേറ്റില്‍ നടന്ന നിപാ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന പങ്കെടുത്തു.
Next Story

RELATED STORIES

Share it