thrissur local

നിപാ വൈറസ് ഭീഷണി: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയത് 823 പേര്‍

ചാവക്കാട്: നിപാ വൈറസ് ഭീഷണി നിലനില്‍ക്കെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഇന്നലെ ഉച്ചവരെ ചികില്‍സക്കെത്തിയത് 823 പേര്‍. പനിയും ചുമയും ചര്‍ദ്ദിയും ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ചവരാണ് ഇവരിലേറെയും.
നേരത്തെ ചെറിയ അസുഖങ്ങള്‍ക്ക് മെഡിക്കല്‍ ഷോപ്പുകളില്‍നിന്നും മരുന്നു വാങ്ങി കഴിച്ചിരുന്ന പലരും നിപ വൈറസ് ഭീതിയില്‍ ആശുപത്രിയില്‍ നേരിട്ടെത്തി ചികില്‍സ തേടുകയാണ്. ഭയം മൂലമാണ് പലരും ആശുപത്രിയിലെത്തിയത്. രാവിലെ മുതല്‍ തന്നെ ഒപിയില്‍ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്.
കുട്ടികളും സ്ത്രീകളുമായിരുന്നു ഇവരിലധികവും. കഴിഞ്ഞ കുറെ കാലമായി 500ല്‍ താഴെ പേരാണ് ഒപിയില്‍ പരിശോധനക്കെത്താറുണ്ടായിരുന്നത്. എന്നാല്‍, രണ്ടു ദിവസമായി ആയിരത്തിന് മുകളിലാണ് ചികില്‍സ തേടിയെത്തുന്ന രോഗികളുടെ കണക്ക്.
ഡോക്ടര്‍മാറുടെ കുറവുള്ളതിനാല്‍ പലപ്പോഴും രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും നിയമിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it